പല്ല് വൃത്തിയാക്കുന്നതിനിടെ പതിനൊന്നുകാരന് വിഴുങ്ങിയ സൂചി പുറത്തെടുത്തു
1496789
Monday, January 20, 2025 5:04 AM IST
കൊച്ചി: പല്ലിനിടയില്‍ കുടുങ്ങിയ ഭക്ഷണപദാർഥം നീക്കുന്നതിനിടെ പതിനൊന്നുകാരന് അബദ്ധത്തില്‍ വിഴുങ്ങിയ തയ്യല്‍ സൂചി പുറത്തെടുത്തു. അമ്മയുടെ തയ്യല്‍ മെഷീനിന്റെ സൂചി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതിനിടെ കോതമംഗലം നെല്ലിക്കൂഴി സ്വദേശിയായ പതിനൊന്നുകാരനാണ് അബദ്ധത്തില്‍ സൂചി വിഴുങ്ങിയത്. രാജഗിരിയില്‍ നടത്തിയ ചികിത്സയിലാണ് ഡോക്ടര്‍മാര്‍ സൂചി പുറത്തെടുത്തത്.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയില്‍ ആമാശയത്തില്‍ സൂചിയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നാണ് വിദ്ഗദ പരിശോധനകള്‍ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്. രാജഗിരിയില്‍ എത്തുമ്പോള്‍ സൂചി ആമാശയം കടന്ന് ചെറുകുടലില്‍ തറച്ച നിലയിലായിരുന്നു.
ഉദരരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്‍ഡോസ്കോപ്പ് ഉപയോഗിച്ച് ചെറുകുടലില്‍ നിന്ന് സൂചി സുരക്ഷിതമായി നീക്കം ചെയ്തു. ഉദരരോഗ വിദ്ഗദന് ഡോ. ഫിലിപ് അഗസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഡോ. തരുണ്‍ ടോം ഉമ്മന്‍, ഡോ. സാന്‍ജോ ജോണ്‍, ഡോ. നിബിന് നഹാസ്, അനസ്തേഷ്യ വിഭാഗം ഡോ. എസ്. അശ്വതി, എന്‍ഡോസ്കോപ്പി ടെക്നീഷ്യന്മാരായ വിഷ്ണു സദാനന്ദന്, സി.എ. അഷിത എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നിർവഹിച്ചത്.