‘ബ്രൂവറി, ഡിസ്റ്റിലറി പ്ലാന്റിന് അനുമതി നൽകിയത് തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം’
1496799
Monday, January 20, 2025 5:16 AM IST
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇടതുപക്ഷ സർക്കാർ വെള്ളം ചേർത്തെന്ന് മദ്യലഹരി വിരുദ്ധ സെൽ. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയിലൂടെ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി പ്ലാന്റിന് മന്ത്രിസഭ അനുമതി നൽകിയത്.
ഒരു വശത്തുകൂടി മദ്യത്തിനും മയക്കുമരുന്നിനും ലഹരിവസ്തുക്കൾക്കും എതിരെ ലക്ഷങ്ങൾ മുടക്കി ബോധവൽക്കരണം നടത്തുന്നു. മറുവശത്തുകൂടി പുതിയ രൂപത്തിൽ മദ്യശാലകൾ അനുവദിക്കുന്നു.
സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് പകരം യുവതലമുറയെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയം തിരുത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മൂവാറ്റുപുഴയിൽ ചേർന്ന മദ്യലഹരി വിരുദ്ധ സെൽ അറിയിച്ചു.
ലഹരിവിരുദ്ധ സെൽ കോ ഓർഡിനേറ്റർ ആന്റണി പുല്ലൻ, ജോർജുകുട്ടി പൂണേലിൽ, ഷിബു മാലിൽ, ഡയസ് മാത്യു, മനോജ് ഓടയ്ക്കൽ, നൈസ് പാണ്ടിമറ്റം, ലിൻസി കണ്ണാടൻ എന്നിവർ പ്രസംഗിച്ചു.