കാറ്റാടി ബീച്ചിലെ കത്തിക്കുത്ത് : മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു
1496785
Monday, January 20, 2025 5:04 AM IST
വൈപ്പിൻ: ബീച്ചിൽ കാർ പിന്നോട്ടെടുത്ത് തിരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി മംഗലപ്പിള്ളി മനു നവീൻ(30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 22ന് പള്ളിപ്പുറം കാറ്റാടി ബീച്ചിലായിരുന്നു സംഭവം. എങ്ങണ്ടിയൂർ സ്വദേശി കൃഷ്ണരാജിനാണ് കുത്തേറ്റത്. കൃഷ്ണരാജ് തന്റെ വാഹനം പിന്നോട്ട് എടുത്ത് പാർക്ക് ചെയ്യുന്നതിനിടെ പ്രതികൾക്ക് ഗതാഗത തടസമുണ്ടായെന്നു പറഞ്ഞ് മനു നവീനും സുഹൃത്തുക്കളും ചേർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് പ്രതികൾ ഒളിവിൽപ്പോയി.
ഇതിനിടെ കഴിഞ്ഞ ദിവസം ചേർത്തല ഭാഗത്തുനിന്ന് മുനമ്പം സിഐ ടി. ബിബിൻ, പോലീസ് ഉദ്യോഗസ്ഥരായ വിനീഷ്, സുജിത്ത് ലാൽ എന്നിവർ ചേർന്ന് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. കുഴുപ്പിള്ളി ബീച്ച് റോഡിൽ നടന്ന പ്രണവ് വധക്കേസ് അടക്കം പത്തോളം കേസിൽ പ്രതിയാണ് മനു നവീൻ എന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.