ലോറിയുമായി കൂട്ടിയിടിച്ച പിക്കപ്പ് വാൻ വീടിന്റെ മതിൽ ഇടിച്ചു തകർത്തു
1496793
Monday, January 20, 2025 5:04 AM IST
പറവൂർ: മൂത്തകുന്നം-മാല്യങ്കര റോഡിൽ തറയിൽ കവല ഭാഗത്തു ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 7.10 ന് തറയിൽ കവലയിലെ വളവിലായിരുന്നു അപകടം. മാല്യങ്കര ഭാഗത്തു നിന്നാണ് ലോറി വന്നത്. തിരുപ്പൂരിൽ മത്സ്യം ഇറക്കിയ ശേഷം മുനമ്പത്തേക്കു പോവുകയായിരുന്നു പിക്കപ് വാൻ. അപകട സമയത്തു ചെറിയ മഴ ഉണ്ടായിരുന്നു.
ലോറിയിലിടിച്ചശേഷം പിക്കപ് വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കു കാര്യമായ പരിക്കില്ല. മൂത്തകുന്നം - മാല്യങ്കര റോഡിൽ അപകടങ്ങൾ പെരുകുകയാണ്.