പൊളിച്ച തെരുവോരക്കടകളുടെ അവശിഷ്ടങ്ങൾ യാത്രികർക്ക് പാര
1496802
Monday, January 20, 2025 5:16 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ ഒരാഴ്ച മുൻപ് പൊളിച്ചു കളഞ്ഞ തെരുവോരക്കടകളുടെ അവശിഷ്ടങ്ങൾ ഇനിയും നീക്കം ചെയ്യാത്തതിനാൽ ഇവ കാൽനട, വാഹന യാത്രക്കാർക്ക് ഒരു പോലെ ദുരിതക്കെണിയാവുന്നു. നഗരസഭാ പരിധിയിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ ചിറ്റേത്തുകര വരെയും, എൻജിഒക്വാർട്ടേഴ്സ് മേഖലകളിലുമായി 150 ലധികം തെരുവോര തട്ടുകടകളാണ് നഗരസഭാ ആരോഗ്യവിഭാഗവും പോലീസും സംയുക്തമായി പൊളിച്ചു കളഞ്ഞത്.
ഇത്തരത്തിൽ പൊളിച്ചു കളഞ്ഞ കടകളുടെ അവശിഷ്ടങ്ങൾ റോഡരികിൽ നിന്നു നീക്കം ചെയ്യാത്തതു മൂലം ഉയർന്നു നിൽക്കുന്ന കുറ്റികളിലും തൂണുകളിലും തട്ടിയാണ് ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെടുന്നത്. റോഡ് നിരപ്പിൽനിന്നും ഉയർന്നു നിൽക്കുന്ന അവശിഷ്ടങ്ങളിൽ കാൽ തട്ടി മുറിവേൽക്കുന്നവരുടെ എണ്ണവും കുറവല്ല.
ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച തൂണുകൾ, കൊടിമരക്കുറ്റികൾ എന്നിവയും നഗരസഭാധികൃതർ ഇതുവരെ നീക്കം ചെയ്തിട്ടില്ല. രാത്രികാല തട്ടുകടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും മറ്റും പെരുകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത തടസമടക്കം ഉണ്ടാക്കുന്ന ഇത്തരം കടകൾ നീക്കം ചെയ്തത്.
അതേ സമയം അവശിഷ്ടങ്ങൾ അതേപടി അവശേഷിക്കുന്നത് യാത്രക്കാർക്ക് ദുരിതക്കെണിയായി മാറുകയുമാണ്.