മിഷേലിന്റെ മരണം: മാതാപിതാക്കൾ കല്ലറയ്ക്ക് മുന്നിൽ ഉപവസിച്ചു
1496800
Monday, January 20, 2025 5:16 AM IST
പിറവം: കൊച്ചിയിൽ സിഎ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹ മരണം എങ്ങുമെത്താത്തതിനേത്തുടർന്ന് 26-ാം ജൻമദിനത്തിൽ പിറവം മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മിഷേലിന്റെ കല്ലറക്ക് മുന്നിൽ മാതാപിതാക്കൾ ഉപവാസം അനുഷ്ഠിച്ചു.
രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു ഉപവാസ പ്രാർഥന നടത്തിയത്. പിതാവ് ഷാജി വർഗീസ്, മാതാവ് ഷൈലമ്മ, മിഷേലിന്റെ സഹോദരൻ മൈക്കൾ ഷാജി വർഗീസ് എന്നിവരായിരുന്നു ഉപവാസം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലന്നും മിഷേലിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഉപവാസ പ്രാർഥന നടത്തിയത്.
മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് പള്ളി വികാരി ഫാ. മഹേഷ് തങ്കച്ചൻ പറഞ്ഞു. ഇലഞ്ഞി സെൽ ഫിലോമിനാസ് ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ.ജോർജ് എർണ്യാകുളം, പിറവം നഗരസഭ സ്ഥിരംസമിതി ചെയർമാൻ ജിൽസ് പെരിയപ്പുറം എന്നിവർ ഉപവാസ പ്രാർഥനക്ക് എത്തിയിരുന്നു.
18 വയസുള്ളപ്പോൾ ആണ് മിഷേൽ മരണപ്പെടുന്നത്. എട്ട് വർഷം ആയിട്ടും മരണകാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലന്നും കൊലപാതകമാന്നെന്നും അതിന്റെ കാരണവും തങ്ങളുടെ സംശയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. സിനിമാ നടിക്ക് വേഗത്തിൽ നീതി കിട്ടിയപ്പോൾ സാധാരണക്കാരിയായ മിഷേൽ അവഗണിക്കപ്പെട്ടു. ഇതാണ് ഞങ്ങളെ വേദനിപ്പിക്കുന്നതെന്നും ഷാജിയും ഭാര്യ ഷൈലമ്മയും പറഞ്ഞു.