അതിജീവനത്തിനായി പോരാട്ടം തുടരുന്നു : മുനമ്പം സമരം നൂറാം ദിനം
1496784
Monday, January 20, 2025 5:04 AM IST
വൈപ്പിന്‍: ജനിച്ചുവളര്‍ന്ന കിടപ്പാടങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വഖഫ് ബോര്‍ഡിന്റെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ മുനമ്പം ജനത നടത്തിവരുന്ന പ്രത്യക്ഷ സമരപോരാട്ടത്തിന് ഇന്നേക്ക് നൂറു ദിവസം തികയുകയാണ്.
99 ദിവസങ്ങള്‍ക്ക് മുമ്പ് വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പ്രത്യക്ഷസമരത്തിനു തുടക്കമായത്. പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജില്‍പ്പെട്ട മുനമ്പം ബീച്ച് ഭാഗത്തെ 610 കുടുംബങ്ങളും മറ്റു സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഭൂമിക്കുമേല്‍ കേരള വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം .
പിന്നീട് ഈ ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ റവന്യൂ വകുപ്പ് റദ്ദാക്കി. തുടര്‍ന്ന് കുടിയൊഴിപ്പിക്കല്‍ ശ്രമം ആരംഭിച്ചതോടെയാണ് ജാതി മത ഭേദമന്യേ സമരസമിതിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ സംഘടിച്ചതും വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ സമരപ്പന്തല്‍ കെട്ടി അനിശ്ചിതകാല ഉപവാസം ആരംഭിച്ചതും.
സമരത്തിനു ലഭിച്ചത് ഞെട്ടിപ്പിക്കുന്ന പിന്തുണ
ചെറിയൊരു സമരമായി തുടക്കം കുറിച്ച ഉപവാസസമരം ഒരു കൊടുങ്കാറ്റായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ലോകം മുഴുവനും അറിഞ്ഞ സമരത്തിനു അഖിലേന്ത്യാതലത്തില്‍ തന്നെ വന്‍ പിന്തുണയാണ് ലഭിച്ചത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും ഇവയുടെ പ്രതിനിധികളുമെല്ലാം സമര പ്പന്തലില്‍ പാഞ്ഞെത്തി.
100 ദിനം കൊണ്ട് രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ നൂറില്‍പരം സംഘടനകളും അവയുടെ നേതാക്കളുമാണ് അനുഭാവം പ്രകടിപ്പിച്ച് സമരപ്പന്തലില്‍ എത്തിയത്. ഇതോടെ സമരത്തിനു പൂര്‍ണമായും ഒരു മാനുഷിക പരിഗണന കൈവന്നു. പ്രതിഷേധങ്ങള്‍ കേരളത്തിനകത്തും പുറത്തും അങ്ങോളമിങ്ങോളം അലയടിച്ചുയര്‍ന്നു. ഇതെല്ലാം ഈ കടലോരവാസികള്‍ക്ക് സമരം കൂടുതല്‍ ശക്തമാക്കാനുള്ള ഊർജം പകരുകയായിരുന്നു
സര്‍ക്കാര്‍ കമ്മീഷന് വഴിത്തിരിവ്
സമരങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നായര്‍ കമ്മീഷനെ നിയോഗിച്ചത് വഴിത്തിരിവായി. പ്രധാനമായും ഇത് വഖഫിന്റെ ഭൂമി ആണോ എന്നതാണ് കമ്മീഷന് പരിശോധിച്ചറിയേണ്ടത്. ഇതിനായി കമ്മീഷന് സ്ഥലത്ത് വന്ന് പ്രശ്ന ബാധിതരെ കേട്ടു. കേട്ടറിഞ്ഞ യാഥാർഥ്യങ്ങള്‍ പലതും കണ്ടറിയുകയും ചെയ്തു. പിന്നീട് വഖഫ് ബോര്‍ഡിനെയും മൂന്നാം കക്ഷിയായ ഫാറൂഖ് കോളജിനെയും കേട്ടു.
എല്ലാ രേഖകളും പരിശോധിച്ചുവരികയാണ്. ഫെബ്രുവരി അവസാനം റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം മുനമ്പം നിവാസികളെ അറിയിച്ചത്. ഇതിന്റെ അവസാന പണികളിലൊന്നായ ഹിയറിംഗ് നടത്താനുള്ള ശ്രമത്തിലാണ് കമ്മീഷന്. മിക്കവാറും ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഹിയറിംഗ് ഉണ്ടാകാം.
പിറന്നു വീണതും വിയര്‍പ്പിന്റെ വില കൊടുത്തു വാങ്ങിയതുമായ ഈ മണ്ണില്‍ നിന്ന് ഇറക്കിവിടാന്‍ ഒരു ശക്തിക്കും ആകില്ലെന്നും റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നത് വരെ സമരരംഗത്തുണ്ടാകുമെന്നും മുനമ്പം ജനത ഒരേസ്വരത്തില്‍ പറയുന്നു.
ഇന്ന് രാപകല്‍ സമരം
ചെറായി: സമരം നൂറു ദിവസം പിന്നിടുന്നതിന്റെ ഭാഗമായി മുനമ്പം ഭൂസംരക്ഷണ സമരപ്പന്തലില്‍ ഇന്ന് രാപകല്‍ സമരം നടക്കും. ഇന്ന് രാവിലെ 11 മുതല്‍ രാവിലെ നാളെ രാവിലെ 11 വരെ 100 പേരാണ് സമരത്തില്‍ ഉപവസിക്കുക.
ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടി കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.