പെരിയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1485728
Tuesday, December 10, 2024 3:34 AM IST
ആലുവ: പെരിയാറിൽ നാലംഗ സംഘം സഞ്ചരിച്ച കാലപ്പഴക്കമുള്ള തെർമോക്കോൾ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ പട്ടേരിപ്പുറം ബംഗ്ലാവുകുടി റോഡിൽ അറവച്ചപ്പറമ്പിൽ അശോകൻ - ബിന്ദു ദമ്പതികളുടെ മകൻ അജയ് (23) യാണ് ഞായറാഴ്ച വൈകിട്ട് നാലോടെ പുഴയിൽ കാണാതായത്.
പുളിഞ്ചോട് കല്ലുകടവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ വിനോദത്തിനായി പുറപ്പെട്ടപ്പോഴാണ് വള്ളം മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഞായറാഴ്ച അർധരാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
സഹോദരൻ: അക്ഷയ്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ഒരുമാസം മുമ്പാണ് അജയ് ജോലിയിൽ പ്രവേശിച്ചത്.
യാത്രക്കിടയിൽ തുഴ പുഴയിലേക്ക് വീണപ്പോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. നേരത്തെ കല്ലുകടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിന്റെ പഴക്കം കാരണം നഗരസഭ അധികൃതർ അപകട മുന്നറിപ്പ് നൽകി കസ്റ്റഡിയിലെടുത്തങ്കിലും പിന്നീട് തിരികെ കൊടുത്തതാണ്.