എസ്.പി. നായർ അന്തരിച്ചു
1485719
Monday, December 9, 2024 10:38 PM IST
പറവൂർ: പ്രമുഖ വ്യവസായി മിൽസ് റോഡ് ഗോവിന്ദവിലാസത്തിൽ എസ്.പി.നായർ (എസ്. പങ്കജാക്ഷൻ നായർ - 103) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന്. ഭാര്യ: ലീല പി. നായർ. മകൾ: ഷൈല (റിട്ട. പ്രഫസർ, ബന്ദേക്കർ കോളജ്, ഗോവ). ആലപ്പുഴ അന്പലപ്പുഴയിൽ നൂറുപറ വീട്ടിൽ ശങ്കുണ്ണിപിള്ളയുടെയും പാർവതി അമ്മയുടെയും മൂത്ത മകനാണ്.
മാഞ്ഞാലി എസ്പി സെറാമിക്സ്, എസ്പി ആസ്ബറ്റോസ് ആൻഡ് സിമന്റ്സ്, എസ്പി പൈപ്പ്സ്, എസ്പി കേബിൾ എന്നീ വ്യവസായ സ്ഥാപനങ്ങളുടെയും എസ്പി ഐടിസി, എസ്പി ലേഡീസ് ഹോസ്റ്റൽ എന്നിവയുടെയും ഉടമയായിരുന്നു. ഗുജറാത്ത് വിരവൽ ഇന്ത്യൻ റയോണ്‍സ്, കാൻപൂർ ജെകെ റയോണ്‍സ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേസരി എ. ബാലകൃഷ്ണപിള്ള സ്മാരക കോളജ് ട്രസ്റ്റ് പ്രസിഡന്റ്, കേസരി സ്മാരക ട്രസ്റ്റ് രക്ഷാധികാരി, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, എൻഎസ്എസ് ടൗണ്‍ യൂണിയൻ പ്രസിഡന്റ്, പെരവുരാരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
99-ാം വയസിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹൃദയവാൽവ് മാറ്റി വയ്ക്കുകയും 102 വയസുവരെ സ്വന്തമായി കാറോടിക്കുകയും ചെയ്ത ഇദ്ദേഹം, പറവൂരിന്റെ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. സാഹിത്യകാരൻ തകഴി ശിവശങ്കര പിള്ളയുടെ ബന്ധുവുമാണ്.
എഴുപതുകളുടെ തുടക്കത്തിൽ ലഭിച്ച ജോലി വേണ്ടെന്നു വച്ചാണ് ഭാര്യ ലീല പി. നായരുടെ ജ·നാടായ പറവൂരിലെത്തിയത്. പറവൂരിൽ ഒരു സർക്കാർ കോളജ് ഉണ്ടാകാൻ ഏറ്റവും കൂടുതൽ ശ്രമിച്ചവരിൽ ഒരാളാണ് എസ്.പി.നായർ.
കേസരി ആർട്സ് ആൻഡ് സയൻസ് കോളജ് സർക്കാരിന് വിട്ടു നൽകാനുള്ള തീരുമാനത്തിന് പിന്നിൽ കേസരി സ്മാരക ട്രസ്റ്റ് സ്വീകരിച്ചത് ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളായിരുന്നു.