ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി "ഏയ് ഓട്ടോ'
1485534
Monday, December 9, 2024 5:09 AM IST
കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി ഹൈബി ഈഡന് എംപി സംഘടിപ്പിക്കുന്ന ഏയ് ഓട്ടോ വെല്‍നെസ് ക്യാമ്പിന്റെ ആദ്യക്യാമ്പ് കൊച്ചിയില്‍ നടന്നു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പില്‍ 824 പേര് പങ്കെടുത്തു. എറണാകുളം നഗരം, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, ചിറ്റൂര്‍, ചേരാനല്ലൂര്‍ പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് ആദ്യ ക്യാമ്പില്‍ പങ്കെടുത്തത്. ബിപിസിഎല്‍ കൊച്ചിയുടെ സിഎസ്ആര്‍ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജീവിതശൈലി രോഗ നിര്ണായത്തിനാവശ്യമായ രക്തപരിശോധന നടത്തുന്നതിന് വേണ്ട രക്ത സാമ്പിളുകള്‍ ക്യാമ്പില്‍ ശേഖരിച്ചു. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിസള്‍ട്ടുകള്‍ ഓരോരുത്തരുടെയും വാട്ട്സ്ആപ്പില്‍ ലഭ്യമാക്കും. ദന്തപരിശോധനയ്ക്കും കാഴ്ചപരിശോധനയ്ക്കും കേള്‍വി പരിശോധനയ്ക്കും വേണ്ടുന്ന വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കണ്ണട ആവശ്യമായി വരുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ക്ക് കണടകള്‍ വിതരണം ചെയ്യുമെന്ന് ഹൈബി ഈഡന് അറിയിച്ചു.
പങ്കെടുത്തവര്‍ക്ക് മാനസികാരോഗ്യം , ഭക്ഷണ ക്രമീകരണം തുടങ്ങിയ മേഖലകളില്‍ ബോധവത്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡയബറ്റിക് സ്കാനിംഗ്, ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കുള്ള പിഎഫ്ടി, ഇസിജി സംവിധാനങ്ങള്‍ ക്യാമ്പില്‍ സജ്ജമായിരുന്നു. ജനറല്‍ മെഡിസിന്, പള്‍മനറി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും കാമ്പില്‍ ഉണ്ടായിരുന്നു.
ടി.ജെ. വിനോദ് എംഎൽഎ കാമ്പ് ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന് ശ്രീകാന്ത് മുരളി തുടങ്ങിയവരും പങ്കെടുത്തു.