ട്രെയിനിലെ സ്ഥിരം മൊബൈൽ മോഷ്ടാക്കൾ പിടിയിൽ
1485533
Monday, December 9, 2024 5:09 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന മൂന്നംഗ സംഘത്തെ ആലുവ ടൗൺ പോലീസ് പിടികൂടി. നേപ്പാൾ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്പാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരാണ് അറസ്റ്റിലായത്.
ട്രെയിനിൽ വാതിലിൽ നിന്ന് സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമിൽ നിൽക്കുന്നവരുടേയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ട്രെയിൻ വേഗത കൂടുമ്പോൾ പാളത്തിനരികെ മറഞ്ഞു നിന്ന് ഫോണുകൾ തട്ടിപ്പറിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. കൂടാതെ യാത്രക്കാരുടെ മൊബൈൽ തട്ടിപ്പറിച്ച് ട്രെയിനിൽ നിന്നും ഇറങ്ങി ഓടുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനിൽ നിന്ന് അസം സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോൺ കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്നും നിരവധി മൊബൈലുകളും പിടികൂടി.
രഞ്ജിത്തിനും അഭിഷേകിനും റെയിൽവേ പോലീസ് സ്റ്റേഷനിലും മറ്റ് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. ഇരുവരും ജയിലിൽ വച്ച് പരിചയപ്പെട്ട് ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു.
റോഷൻ എന്ന നേപ്പാൾ സ്വദേശിയെ പറ്റി വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.