മുനന്പം ഹാർബറിൽ ചെറുമത്സ്യങ്ങളുമായി ബോട്ട് പിടികൂടി
1485532
Monday, December 9, 2024 5:09 AM IST
വൈപ്പിൻ: മത്സ്യബന്ധനം കഴിഞ്ഞ് ചെറുമത്സ്യങ്ങളുമായി മുനമ്പം ഹാർബറിലെത്തിയ ബോട്ടും, 1000 കിലോയോളം തൂക്കംവരുന്ന ചെറിയ കിളിമീനും ഫീഷറീസ് അധികൃതർ പിടികൂടി. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുനമ്പം ഹാർബറിൽ നടത്തിയ രാത്രി പരിശോധനയിലാണ് ലേഡി ഓഫ് സ്നോ എന്ന യന്ത്രവത്കൃത ബോട്ടും ചെറുമത്സ്യങ്ങളും പിടികൂടിയത്. തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു.
ബോട്ടിന് 2,50,000 രൂപ പിഴ ഈടാക്കി. 1,000 കിലോയോളം ചെറുമത്സ്യം കടലിൽ ഒഴുക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ് അറിയിച്ചു. സ്ക്വാഡിൽ അസി. ഡയറക്ടറെ കൂടാതെ ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത് ലാൽ, സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് സംഗീത് ജോബ്, അജീഷ്, റോയി, പിങ്ക്സൺ, സീ ഗാർഡുമാരായ ഉദയരാജ്, ഷിയാദ്, സജീഷ്, ജിപ്സൺ എന്നിവരും ഉണ്ടായിരുന്നു.