നൈറ്റ് പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ച ഏഴംഗ സംഘം അറസ്റ്റിൽ
1485530
Monday, December 9, 2024 5:09 AM IST
പനങ്ങാട്: നൈറ്റ് പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ച ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശികളായ വേലംവെളി ഷമീർ (37), വാത്തിവീട്ടിൽ അനൂപ് (27), കുമ്പളശേരി മനു (35), പള്ളത്തിപ്പറമ്പിൽ വർഗീസ് (35), അമ്പാടികൃഷ്ണ നിവാസിൽ ജയകൃഷ്ണൻ (28), പുന്നംപൊഴി കിരൺ ബാബു(25), വേലിയിൽ അജയ് കൃഷ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം. കുമ്പളം - പനങ്ങാട് പാലത്തിന്റെ മധ്യത്തിൽ കാർ നിർത്തിയിട്ട് കാറിന്റെ ബോണറ്റിലും റോഡിലും നടപ്പാതയിലുമായി മദ്യലഹരിയിൽ പ്രതികൾ നിൽക്കുകയായിരുന്നു. ഈ സമയം കൺട്രോൾ റൂം വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സംഘത്തോട് കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടു. കാർ മാറ്റില്ലെന്ന് പറഞ്ഞ പ്രതികൾ, പോലീസിനെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പനങ്ങാട് സ്റ്റേഷനിലെ എസ്ഐ ഭരതൻ, സിപിഒമാരായ സൈജു, സതീഷ് എന്നിവർ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് നൈറ്റ് എക്കോ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം അസി. കമ്മീഷണർ പി.എച്ച്. ഇബ്രാഹിമിന്റെ നിർദേശാനുസരണം തൃക്കാക്കര സി.ഐ. വിബിൻദാസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കേസിൽ ഒന്നാം പ്രതിയായ ഷെമീർ ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിലെ ആർഎച്ച്എസ് ലിസ്റ്റിൽ ഉൾപ്പെട്ടയാളും സ്ത്രീകൾക്കെതിരായുള്ള കേസ്, നരഹത്യാ ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.