കൊച്ചി വിമാനത്താവളത്തിൽ "പച്ചവേഷപ്പകർച്ച’കാണാൻ ഗോപിയാശാനെത്തി
1485529
Monday, December 9, 2024 5:09 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ(സിയാൽ) ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെ നവരസ ഭാവങ്ങൾ കാണാൻ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെത്തി. പച്ചവേഷപ്പകർപ്പിൽ ഗോപിയാശാന്റെ ഒമ്പത് രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിംഗിൽ ആവിഷ്കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്.
ഒരു ദിവസം മുഴുവനും ആശാൻ കഥകളി വേഷം ധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയായിരുന്നു. അവയെ വിശദമായി ഫോട്ടോഗ്രാഫുകളിലാക്കി പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് പെയിന്റിംഗിൽ ആവിഷ്കരിക്കുകയായിരുന്നു. ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.കേരളത്തിന്റെ മഹാ കലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടം ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിംഗ് ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുള്ളതെന്ന് സുഹാസ് പറഞ്ഞു.
സിയാൽ പോലുള്ള അഭിമാന സ്ഥാപനങ്ങൾ ഇത്തരം കലാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. പ്രോത്സാഹനമുണ്ടെങ്കിൽ ക്ലാസിക്കൽ കലാരൂപങ്ങൾ നിലനിൽക്കും. ഒരോ കലാപ്രദർശനങ്ങൾക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്നം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ട് കോ-ഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ. രാജശേഖർ പി. വൈക്കം, ചിത്രകാരൻ മോപ്പസാങ് വാലത്ത്, പ്രശസ്ത കഥകളി ഗായകൻ കോട്ടക്കൽ മധു, വിമാനത്താവള ഡയറക്ടർ ജി. മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ എന്നിവരും പങ്കെടുത്തു.