സ്നേഹ വീട് പദ്ധതിയിൽ എട്ടാമത്തെ വീടിന് തറക്കല്ലിട്ടു
1485527
Monday, December 9, 2024 5:09 AM IST
ഏലൂർ: കുടുംബനാഥ വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ആവിഷ്കരിച്ച 'വിധവകൾക്ക് ഒപ്പം' പദ്ധതിയുടെ ഭാഗമായുള്ള ആറാമത്തെ വീടിന്റെ തറക്കല്ലിട്ടു. ഏലൂർ കുറ്റിക്കാട്ടുകര പരേതനായ കുരീക്കാട്ടൂപറമ്പിൽ ബഷീറിന്റെ ഭാര്യ ലൈല ബഷീറിനായി നിർമിക്കുന്ന വീടിന് മന്ത്രി പി. രാജീവാണ് തറക്കല്ലിട്ടത്. ആദ്യഘട്ടമായി 20 വീടുകളാണ് നിർമിക്കുന്നത്.
കളമശേരി മണ്ഡലത്തിൽ താമസിക്കുന്ന കുടുംബനാഥ വിധവകളായവർക്കാണ് വീട് നൽകുന്നത്. മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സൗജന്യ ഭവനനിർമാണ പദ്ധതിയാണ് സ്നേഹവീട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം പൂർത്തിയാക്കുക. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നാലു വീടുകളുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. ഒരു വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഒപ്പം എന്ന പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് 'വിധവകൾക്ക് ഒപ്പം' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഏലൂർ മുൻ മുൻസിപ്പൽ ചെയർപേഴ്സൺ സി.പി. ഉഷ അധ്യക്ഷയായി. ഏലൂർ മുൻസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, ജനപ്രതിനിധികളായ നിസി സാബു, പി.എം. ഷെറിൻ, എൽഡ ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.