വീരസൈനികരെ അനുസ്മരിച്ച് കൊച്ചിൻ കാർണിവലിന് തുടക്കമായി
1485526
Monday, December 9, 2024 5:09 AM IST
ഫോർട്ട്കൊച്ചി: രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ച് 41 -ാമത് കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ഫോർട്ട്കൊച്ചിയിൽ തുടക്കമായി. ഫോർട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലായിരുന്നു ചടങ്ങ്.
യുദ്ധസ്മാരകത്തിൽ മേയർ എം. അനിൽകുമാർ, ഇന്ത്യൻ നേവിക്കു വേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിംഗ് ഓഫിസർ കൊമഡോർ മാനവ് സേഗാൾ, ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീര, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡർ എൻ. രവി, കാർണിവൽ കമ്മിറ്റിക്കു വേണ്ടി എം. സോമൻ മേനോൻ,എക്സ് സർവീസ് മെൻ സംഘടനക്ക് വേണ്ടി കെ.കെ.ശിവൻ, മദ്രാസ് റെജിമെന്റിനു വേണ്ടി പി. എ. രവീന്ദ്രൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.സൈനിക ബഹുമതികൾക്കു ശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലാപിച്ചു. തുടർന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരായ ജോസഫ് സന്തോഷ്, എ. കെ. സുരേഷ്കുമാർ, ജോസ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബാലാൽ, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ കെ.പി. ആന്റണി, ബാസ്റ്റിൻ ബാബു, അഭിലാഷ് തോപ്പിൽ, ഷീബ ഡുറോം, പി.എം. ഇസ്മുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായ കെ.ജെ. സോഹൻ, പി. ജെ. ജോസി, സ്റ്റീഫൻ റോബർട്ട്, ജനറൽ കൺവീനർ എ.എച്ച്, ഹിദായത്ത്, സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാ. കുര്യൻ പീറ്റർ, ടി.പി. പ്രതാപൻ, ഗായക സംഘം, എന്‍സിസി കേഡറ്റുകൾ, നാട്ടുകാർ, കാര്‍ണിവല്‍ ക്ളബ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.