റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; യാത്രക്കാർക്ക് ഭീഷണി
1485524
Monday, December 9, 2024 5:08 AM IST
വാഴക്കുളം: കദളിക്കാടുനിന്ന് തെക്കുംമല വഴിയുള്ള കാവന റോഡിൽ മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള ഭാഗത്ത് പൊതുമരാമത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നു. മൂന്നു മീറ്ററോളം ഉയരത്തിൽ 20 മീറ്ററോളം ദൈർഘ്യത്തിലാണ് കയ്യാല കല്ലുകൊണ്ട് നിർമിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭിത്തി ഇടിഞ്ഞിരിക്കുന്നത്.
നാലുവർഷത്തോളമായി സംരക്ഷണഭിത്തി ഇടിഞ്ഞിട്ട്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വിദ്യാർഥികളുമായി സ്കൂൾ ബസുകളടക്കം സഞ്ചരിക്കുന്നുണ്ട്. വളവു തിരിഞ്ഞുള്ള ഇറക്കത്തിനു സമീപം റോഡിനോടു ചേർന്നാണ് ഭിത്തി ഇടിഞ്ഞിട്ടുള്ളത്. വർഷങ്ങളായതോടെ വെള്ളം കുത്തിയൊഴുകിയും മണ്ണൊലിച്ചും ടാർ റോഡിനോട് ചേർന്നു വരെ ഇപ്പോൾ മണ്ണിടിഞ്ഞിട്ടുണ്ട്. പുല്ലു മൂടിക്കിടക്കുന്നതിനാൽ അപകട സാധ്യത മനസിലാകുകയുമില്ല. റോഡിന് വീതി കുറവുമാണ്. ഇതുവഴി എത്തുന്ന അപരിചിത വാഹനങ്ങൾ എതിർവശത്തു നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്പോൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.
അടുത്തയിടെ ഇരുവശത്തുനിന്നും എത്തിയ രണ്ട് സ്കൂൾ ബസുകൾ ഈ ഭാഗത്ത് ഒരേ സമയത്ത് പരസ്പരം കടന്നു പോകാൻ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികൾ ബഹളംവച്ച് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് അപകടത്തിൽനിന്ന് രക്ഷിച്ചത്. റോഡിനു താഴെയുള്ള വയലിലെ നെൽകൃഷിക്കും സംരക്ഷണഭിത്തി ഇടിഞ്ഞത് ഭീഷണിയായിരിക്കുകയാണ്. സംരക്ഷണഭിത്തി പുനർനിർമാണം നടത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.