എംഎ കോളജ് സപ്തതി ആഘോഷം; വിരമിച്ചവരെ ആദരിച്ചു
1485523
Monday, December 9, 2024 5:08 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോളജ് അസോസിയേഷന്റെ വിവിധ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച അധ്യാപക - അനധ്യാപകരെ ആദരിച്ചു. കോളജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് പാലക്കാട് ഐഐടി പ്രഫസറും ഡീനുമായ കെ.എൽ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു.
വിരമിച്ച അധ്യാപക - അനധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ കാലഘട്ടങ്ങളിലായി മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച 250 അധ്യാപക-അനധ്യാപകർ ആദരം ഏറ്റുവാങ്ങി. 1957ൽ മാർ അത്തനേഷ്യസ് കോളജിൽ ജോലിയിൽ പ്രവേശിച്ച മാത്തമാറ്റിക്സ് വിഭാഗം വകുപ്പധ്യക്ഷനായിരുന്ന പ്രഫ. പി.ഐ. ഡാനിയേലാണ് ആദരം ഏറ്റുവാങ്ങിയ മുതിർന്ന അധ്യാപകൻ. കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, എം.എ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ബോസ് മാത്യു ജോസ്, മുൻ പ്രിൻസിപ്പൽമാരായ പ്രാഫ. എം.കെ. ബാബു, ജെ. ഐസക്, പ്രഫ. കെ. ജോർജ്കുട്ടി, സ്റ്റാൻലി ജോർജ്, റിട്ടയേഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധികളായ ടി.ജി. ഹരി, സാബു എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.