നിരത്തിലെ നിയമം തോന്നുംപടി
1485522
Monday, December 9, 2024 5:08 AM IST
കോലഞ്ചേരി: നിയന്ത്രിക്കാൻ ആരുമില്ലാതെ കോലഞ്ചേരിയിൽ ഭാരവാഹനങ്ങൾ തോന്നുംപടി പായുന്നെന്ന് പരാതി ഉയരുന്നു. പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിലും അമിത ലോഡുമായും നിരവധി ഭാരവാഹനങ്ങളാണ് നിയമങ്ങൾ കാറ്റിൽപറത്തി സഞ്ചരിക്കുന്നത്. കൂടാതെ മണ്ണ്, കല്ല്, മെറ്റിൽ തുടങ്ങിയവ മുടിക്കെട്ടാതെയും മാലിന്യ പൈപ്പ് റോഡിലേക്ക് തുറന്നുവച്ച് ഓടുന്ന മീൻ വണ്ടികളും മറ്റും സാധാരണ വാഹന, കാൽനട യാത്രക്കാരന് ദുരിതമുണ്ടാക്കുന്നുണ്ട്. ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗത്തിനും കുറവില്ല.
ഇത്തരം നിയമലംഘനങ്ങൾ പരിശോധിക്കാനോ നടപടികൾ സ്വീകരിക്കാനോ പോലീസ്-മോട്ടോർ വാഹന വകുപ്പുകൾ തുനിയാത്തത് പലപ്പോഴും റോഡിൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസവും കടമറ്റത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അമിത ലോഡ് മെറ്റിലുമായി വേഗത്തിൽ പോയ ലോറിയിൽനിന്ന് മെറ്റിൽ ചീളുകൾ കൂട്ടമായി കോലഞ്ചേരി ജംഗ്ഷനിൽ വീണത് ഇന്നലെ അഗ്നിരക്ഷാസേന എത്തിയാണ് മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കിയത്.