‘പരിസ്ഥിതിലോല പ്രദേശ പഠനം; കർഷക സംഘടനകളുമായി ചർച്ച നടത്തണം’
1485520
Monday, December 9, 2024 5:08 AM IST
കോതമംഗലം: പരിസ്ഥിതിലോല പ്രദേശവും തട്ടേക്കാട് പക്ഷിസങ്കേതവും പഠിക്കുന്നതിനും തെളിവെടുപ്പിനുമായി നിശ്ചയിച്ചിട്ടുളള കമ്മീഷൻ കർഷക സംഘടനകളുമായി ചർച്ച നടത്താതെ അന്തിമ തീരുമാനം എടുക്കരുതെന്ന് യുഡിഎഫ് അനുകൂല കർഷക കൂട്ടായ്മ അവശ്യപ്പെട്ടു. വിവിധ കർഷക സംഘടനകളുടെ നിരന്തര സമരങ്ങളുടെ അടിസ്ഥാനത്തിലാണ് വനം മന്ത്രിയുടെ നിർദേശപ്രകാരം കമ്മീഷനെ നിയമിച്ചിട്ടുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷകർ സംഘടിപ്പിച്ചിട്ടുളള സമരങ്ങളിൽ അയവ് ഉണ്ടാക്കാനുളള ചെപ്പടിവിദ്യയായി കമ്മീഷനെ ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുളളതെങ്കിൽ സിൽവർ ലൈൻ മോഡൽ സമരത്തെ നേരിടേണ്ടിവരുമെന്ന് കർഷക കൂട്ടായ്മ പ്രമേയത്തിൽ വ്യക്തമാക്കി.
വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുള്ള വൈദ്യുതി നിരക്ക് കർഷകരെ നേരിട്ട് ബാധിക്കുന്നതിനാൽ നിരക്ക് വർധന പിൻവലിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കർഷക കൂട്ടായ്മ രക്ഷാധികാരി ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് പ്രമേയം അവതരിപ്പിച്ചു.