മിക്സിംഗ് യന്ത്രത്തിൽ തല കുടുങ്ങി നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
1484966
Friday, December 6, 2024 10:38 PM IST
ആലുവ: കോണ്‍ക്രീറ്റ് ജോലികൾക്ക് ശേഷം മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങി നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചെങ്ങമനാട് കപ്രശേരി ലക്ഷം കോളനി വീട്ടിൽ പ്രദീപ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബിനാനിപുരം പോലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീടിന്റെ കോണ്‍ക്രീറ്റിംഗ് ജോലിക്കിടെയാണ് സംഭവം. യന്ത്രം കറങ്ങുന്നതിനിടയിൽ തല അകത്തേക്ക് ഇട്ട് വൃത്തിയാക്കുന്പോൾ കുടുങ്ങുകയായിരുന്നു.
യന്ത്രം നിർത്തി ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആലുവ പുറയാറിൽ താമസിച്ചിരുന്ന നിലവിൽ തൃശൂർ കല്ലുത്തി മേലൂർ ആലഞ്ചേരിമറ്റത്ത് വീട്ടിൽ താമസിക്കുന്ന സുബ്രൻ - ഓമന ദന്പതികളുടെ മകനാണ് പ്രദീപ്. രണ്ടു വർഷം മുന്‍പ് വിവാഹിതനായതോടെ കപ്രശേരിയിലെ ലക്ഷം വീട് കോളനിയിൽ ഭാര്യ ഷൈനിയുടെ വീട്ടിൽ താമസമാരംഭിച്ചു. മക്കളില്ല.