തെരുവുനായ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്
1483956
Tuesday, December 3, 2024 3:38 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷം. ഇന്നലെ കരുമാലൂർ മേഖലയിൽ ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. വല്ല്യപ്പൻപടി, യുസി കോളജ്, സെറ്റിൽമെന്റ് എന്നീ ഭാഗത്തുവച്ചാണ് ഇവ രെ തെരുവുനായ കടിച്ചത്.
യുസി കോളജ് ഭാഗത്തു ലോട്ടറി വില്പന നടത്തുന്ന ഉണ്ണി, യുസി സ്വദേശിയായ പെയിന്റർ ആന്റണി, യുസി കോളജ് ഭാഗത്തു ജോലി ചെയ്യുന്ന കരുമാലൂർ സ്വദേശിനി ഉഷ, സെറ്റിൽമെന്റ് എൽപി സ്കൂളിലെ അധ്യാപിക, വല്ല്യപ്പൻപടി ഗോഡൗണിനു സമീപംവച്ച് കാൽനട യാത്രക്കാരൻ, കൂടാതെ മറ്റൊരു കാൽനട യാത്രക്കാരിയായ പെൺകുട്ടി എന്നിവരെയാണു കടിച്ചത്.
ഇന്നലെ രാവിലെയാണു എല്ലാവർക്കും കടിയേറ്റത്. കുടാതെ ഈ തെരുവുനായ യുസി കോളജ്, വെളിയത്തുനാട് ഭാഗത്തെ മറ്റു ചില നായ്ക്കളെയും കടിച്ചിട്ടുള്ളതായി സംശയമുണ്ട്. പരുക്കേറ്റ ആറ് പേരും ആലുവ സർക്കാർ ആശുപത്രിയിലെത്തി വാക്സിനെടുത്തു.
ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിൽ പലയിടത്തും റോഡിൽ കൂടി പോകുന്ന ആളുകളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുന്നത് നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. കൂടാതെ വീടിനകത്തു കയറിവരെ നായ്ക്കൾ ആക്രമിക്കുന്നതായി പരാതിയുണ്ട്.
നായക്കൾ കൂടുതകർത്ത് കോഴികളെയും ആടുകളെയും കൊല്ലുന്നതു പതിവാണെന്നും മേഖലയിലെ കർഷകർ പറയുന്നു. തെരുവുവിളക്കുകളുടെ അഭാവമുള്ള പ്രദേശങ്ങളിൽ കൂടി രാത്രിയിൽ യാത്ര ചെയ്യുന്നവരെ നായ്ക്കൾ ആക്രമിക്കാറുണ്ടെന്നും പരാതിയുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലുമാണു തെരുവുനായ്ക്കളുടെ ശല്യം കൂടുതലും.
നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും തെരുവുനായ ശല്യം നിയന്ത്രിക്കാനായി യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.