സായാഹ്ന ധർണ നടത്തി മയിലാടുംപാറ സംരക്ഷണ സമിതി
1483950
Tuesday, December 3, 2024 3:38 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മയിലാടുംപാറയിൽ പാറഖനനം ആരംഭിക്കാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ മയിലാടുംപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സമരപരിപാടികളുടെ ആദ്യഘട്ടം എന്നനിലയിൽ കായനാട് മരോട്ടിച്ചോട്ടിൽ നടന്ന സായഹ്ന ധർണ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. മയിലാടുംപാറ സംരക്ഷണ സമിതി പ്രസിഡന്റ് ഏബ്രഹാം സ്കറിയ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം ടി.എം. ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. മയിലാടുംപാറ സംരക്ഷണ സമിതി സെക്രട്ടറി ടി.ബി പൊന്നപ്പൻ, പോൾ പുമറ്റം, കെ.കെ. ഭാസ്കരൻ, സുജീഷ് പുളിയ്ക്കൽ, ബൻസി മണിത്തോട്ടം, കെ.പി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പാറഖനനം ആരംഭിച്ചാൽ കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മലയും വെള്ളച്ചാട്ടവും ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സ്രോതസും ഇല്ലാതാകുമെന്ന് സംരക്ഷണസമിതി പറയുന്നു.. നിയമങ്ങൾ കാറ്റിൽ പരത്തി വീണ്ടും മല തകർത്ത് ഖനനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശ വാസികൾ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
മയിലാടുംപാറ, ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രമുൾകൊള്ളുന്ന അരുവിക്കൽ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കൽ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ എന്നിവ ഉൾകൊള്ളിച്ചു തയാറാക്കിയ ഹരിത ടൂറിസം പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണു വനഭംഗിയോടു കൂടിയ മയിലാടും പാറ തുരക്കാൻ ഖനന മാഫിയയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഏറെ പരിസ്ഥിതിക പ്രാധാന്യമുള്ള മൈലാടും മലയിൽ പാറ ഖനനത്തിന് അനുമതി നൽകരുതെന്നും ആക്ഷൻ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.