വനത്തിനുള്ളിൽ കുടുങ്ങിയ വീട്ടമ്മമാരെ ഡീൻ കുര്യാക്കോസ് എംപി സന്ദർശിച്ചു
1483933
Tuesday, December 3, 2024 2:49 AM IST
കോതമംഗലം: പശുവിനെ കാണാതായതിനെ തുടർന്ന് ഒരു ദിവസം വനത്തിൽ കുടുങ്ങിയ വീട്ടമ്മമാരെ ഡീൻ കുര്യാക്കോസ് എംപി സന്ദർശിച്ചു. കുട്ടന്പുഴ വനമേഖലയിൽ കാണാതായ മൂന്ന് വീട്ടമ്മമാരെ 14 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. അട്ടിക്കുളം വനമേഖലയിൽ താമസിക്കുന്ന മായാ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് എംപി സന്ദർശിച്ചത്.
സംഭവം ദിവസം പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എംപി ഡൽഹിയിലായിരുന്നു. സംഭവ സമയത്ത് ഫോണ് മുഖേന വനംമന്ത്രി, ഡിഎഫ്ഒ, സിസിഎഫ്, ജനപ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട വകുപ്പ്തല എല്ലാ ഉദ്യോഗസ്ഥരെയും ഫോണിൽ ബന്ധപ്പെട്ട് തിരച്ചിൽ നടപടികൾ ഏകോപിപ്പിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിന്റെ ഇടവേളയിൽ വന്നപ്പോഴാണ് കുട്ടന്പുഴയിലെത്തി പശുവിന്റെ ഉടമയായ വീട്ടമ്മയെ ഭവനത്തിൽ എംപി നേരിൽ കണ്ടത്. വീട്ടമ്മമാരുടെ ധീരതയ്ക്കു മുന്നിൽ ആദരവ് പ്രകടിപ്പിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
കൊടും വനത്തിൽ ഒറ്റരാത്രി അകപ്പെട്ടിട്ടും ഗ്രാമീണ തനിമയുള്ള വീട്ടമ്മമാരുടെ ആത്മധൈര്യവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തും ആത്മവിശ്വാസവുമാണ് ഈ സംഭവത്തിലൂടെ മനസിലാക്കി തരുന്നത്.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിരക്ഷാസേന, വനപാലകർ, പോലീസ്, നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നതായും എംപി അറിയിച്ചു.