കളമശേരിയിൽ സ്നേഹവീടിന് തറക്കല്ലിട്ടു
1478137
Monday, November 11, 2024 4:09 AM IST
കളമശേരി: കുടുംബനാഥ വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് വ്യവസായ മന്ത്രി പി.രാജീവ് ആവിഷ്കരിച്ച വിധവകൾക്ക് ഒപ്പം' പദ്ധതിയുടെ ഭാഗമായുള്ള ആറാമത്തെ വീടിൻ്റെ തറക്കല്ലിട്ടു. കളമശേരി വിടാക്കുഴയിലെ പരേതനായ തീനാട്ടിൽ ലത്തീഫിൻ്റെ ഭാര്യ നസീമക്കായി നിർമ്മിക്കുന്ന വീടിന് മന്ത്രി പി.രാജീവാണ് തറക്കല്ലിട്ടത്. ആദ്യഘട്ടമായി 20 വീടുകളാണ് നിർമ്മിക്കുന്നത്.
കളമശേരി മണ്ഡലത്തിൽ ? കുടുംബനാഥയായ വിധവകളായവർക്കാണ് വീട് നൽകുന്നത്. മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സൗജന്യ ഭവനനിർമ്മാണ പദ്ധതിയാണ് സ്നേഹവീട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം പൂർത്തിയാക്കുക. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് 8 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം.
500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി 4 വീടുകളുടെ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. ഒരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് 'വിധവകൾക്ക് ഒപ്പം' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ മുജീബ് റഹ്മാൻ, കെ.ബി വർഗീസ്, കൗൺസിലർ ടി.എ ഹസൈനാർ തുടങ്ങിയവർ സംസാരിച്ചു.