സ്ഥിരം സമിതി അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് ബഹുജനമാർച്ചും ധർണയും
1467089
Thursday, November 7, 2024 1:24 AM IST
മൂവാറ്റുപുഴ: സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ വനിത നഗരസഭാംഗത്തെ അധിഷേപിച്ച ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭ ഓഫീസിലേയ്ക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും നടത്തി. 12-ാം വാർഡംഗം ലൈല ഹനീഫയെ അബ്ദുൾ സലാം അപമാനിച്ചെന്നാണ് പരാതി.
എസ്തോസ് ഭവന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് നഗരം ചുറ്റി നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ചു. ഇതിനിടെഒരു വിഭാഗം പ്രവർത്തകർ നഗരസഭയുടെ ഗേറ്റ് തുറക്കാൻ ശ്രമിച്ചത് നേരിയതോതിൽ സംഘർഷത്തിന് കാരണമായി.
പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കുകയിരുന്നു. ധർണ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, എം.എ. സഹീർ, കെ.എ. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തന്നെ അപമാനിച്ച അബ്ദുൾ സലാമിനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ലൈല ഹനീഫ നഗരസഭയ്ക്ക് മുന്നിൽ മൂന്നാം ദിവസവും സമരം തുടർന്നു.
കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നഗരത്തിലെ ലഹരി വില്പനയുമായി ബന്ധപ്പെട്ട് വികസന സ്ഥിരം സമിതി അധ്യക്ഷൻ അജി മുണ്ടാട്ടും, അബ്ദുൾ സലാമും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അബ്ദുൾ സലാം ലൈല ഹനീഫയെ അസഭ്യം പറയുകയായിരുന്നുവെന്നാണ് ആരോപണം .