പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
1466615
Tuesday, November 5, 2024 1:58 AM IST
മൂവാറ്റുപുഴ: നവീകരിക്കുന്ന കക്കടാശേരി - ഞാറക്കാട് റോഡിലെ പുന്നമറ്റത്ത് തടസപ്പെട്ടിരുന്ന പുറന്പോക്ക് ഏറ്റെടുക്കൽ പുനരാരംഭിക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. 68 കോടി ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പുന്നമറ്റം ഭാഗത്ത് പടിഞ്ഞാറെ ചാലിൽ ഷാജഹാൻ, റെയ്ഹാൻ, മുസ്തഫ, മുഹമ്മദ് ഹസൻ എന്നിവരുടെ കൈവശം കണ്ടെത്തിയ റോഡ് പുറന്പോക്ക് മൂന്നു മാസത്തിനുള്ളിൽ പുനരളവ് നടത്തി ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവായത്.
പുറന്പോക്ക് ഏറ്റെടുക്കൽ തടയാനാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരവധി പ്രദേശവാസികൾ റോഡ് വികസനത്തിനായി സ്വന്തം പട്ടയഭൂമി പോലും വിട്ടു നൽകിയപ്പോഴാണ് പുറന്പോക്ക് ഏറ്റെടുക്കൽ തടയാൻ ഇവർ ശ്രമങ്ങൾ നടത്തിയത്. ഇതു മൂലം പുന്നമറ്റം കവല മുതൽ കക്കടാശേരി പാലം വരെയുള്ള വീതി കൂട്ടൽ തടസപ്പെട്ടു. കൊടും വളവോട് കൂടിയ ഈ ഭാഗത്ത് അപകടങ്ങൾ പെരുകുന്ന സ്ഥിതിയുമുണ്ട്.
റവന്യൂ ഉദ്യോഗസ്ഥർ അളവിന് മുന്പ് കൃത്യമായ നോട്ടീസ് നൽകിയില്ല, സമിതിയുടെയും, ഉദ്യോഗസ്ഥരുടെയും അമിത ഇടപെടൽ, തങ്ങളുടെ സ്ഥലത്ത് പുറന്പോക്കില്ല തുടങ്ങിയ തടസവാദങ്ങളാണ് ഇവർ കോടതിയിൽ ഉന്നയിച്ചത്. ഇതേത്തുടർന്നാണ് വീണ്ടും റോഡ് വികസന സമിതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇവരുടെ കൈവശമുള്ളത് റോഡ് പുറന്പോക്ക് ആണെന്നത് ഡിജിറ്റൽ സർവേ നടത്തി പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതു കൂടി പരിഗണിച്ച ഹൈക്കോടതി ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് ഉത്തരവിടുകയായിരുന്നു.
റോഡ് വികസന സമിതിക്ക് വേണ്ടി അഭിഭാഷകനായ പീയൂസ് കൊറ്റം ഹാജരായി. ഇതിനൊപ്പം ഈ റോഡിന്റെ അവസാന ഘട്ട ടാറിംഗിനു മുൻപ് ജല അഥോറിട്ടി പൈപ്പ് ലൈനുകൾ പുതുക്കി സ്ഥാപിക്കണമെന്നും പൈപ്പ് പൊട്ടി റോഡ് തകരുന്നത് ഒഴിവാക്കണമെന്നും സമിതി നൽകിയ കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുപ്പതോളം ഭാഗത്ത് പൈപ്പ് പൊട്ടി റോഡ് തകർന്നിട്ടുണ്ട്. പുറന്പോക്ക് ഏറ്റെടുക്കലിനായി നിയമ നടപടി തുടരുന്നതിനൊപ്പം ജല അഥോറിട്ടിക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്കുമെന്നും റോഡ് വികസന സമിതി ചെയർമാൻ ഷിബു ഐസക്, കണ്വീനർ എൽദോസ് പുത്തൻപുര എന്നിവർ അറിയിച്ചു.