പറവൂർ ഉപജില്ലാ കലോത്സവം; പുല്ലംകുളം എസ്എൻഎച്ച്എസ്എസിനു കിരീടം
1465733
Saturday, November 2, 2024 2:10 AM IST
പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 522 പോയിന്റുമായി ആതിഥേയരായ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. 453 പോയിന്റ് നേടി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 322 പോയിന്റുമായി മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സംസ്കൃതോത്സവത്തിൽ 170 പോയിന്റുമായി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാമത്. 145 പോയിൻറുമായി പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 124 പോയിന്റുമായി കരിമ്പാടം ഡിഡിസഭ ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ 165 പോയിന്റോടെ കരിമ്പാടം ഡിഡിസഭ സ്കൂളാണ് ഒന്നാമത്. 152 പോയിന്റ് നേടി പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും 112 പോയിന്റ് നേടി പുതിയകാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സർക്കാർ വിദ്യാലയങ്ങളിൽ 302 പോയിന്റുമായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാമത്. 181 പോയിന്റ് നേടി കൈതാരം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 179 പോയിന്റുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു അധ്യക്ഷനായി. നാദിറ മെഹ്റിൻ സമ്മാന വിതരണം നടത്തി.