ആസാം സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്
1465589
Friday, November 1, 2024 2:58 AM IST
മട്ടാഞ്ചേരി: തോപ്പുംപടിയിൽ ലോഡ്ജ് മുറിയിൽ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ആസാം സ്വദേശിയായ കബ്യ ജ്യോതി കക്കാടിനെ(26) തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം രാവിലെയാണ് കബ്യയും മറ്റു മൂന്ന് പേരും ലോഡ്ജിൽ മുറിയെടുത്തത്. കബ്യയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള സുഹൃത്ത് അഭിജിത്തും ഒരേ മുറിയിലാണ് കഴിഞ്ഞത്. മറ്റു രണ്ടു പേർ തൊട്ടടുത്ത മുറിയിലായിരുന്നു. മുറി ഒഴിയാൻ സമയമായിട്ടും വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ട ത്തിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ലോഡ്ജിൽ അടുത്ത മുറിയിൽ താമസിച്ചിരുന്നവരെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.തുടർന്ന് അഭിജിത്തിനായുള്ള അന്വേഷണം ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ചു. സംഭവത്തിന് ശേഷം ഇയാൾ പകൽ മുഴുവൻ മരക്കടവ് ജെട്ടിയിൽ സുഹൃത്തുക്കളുമായി കഴിഞ്ഞു. രാത്രി ട്രെയിൻ മാർഗം ആസാമിലേക്ക് പോകാനായിരുന്നു പദ്ധതി. ഇയാളുടെ മൊബൈൽ ലൊക്കേഷൻ മനസിലാക്കിയ പോലീസ് ബുധനാഴ്ച രാത്രിയോടെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തോപ്പുംപടിയിൽ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് നാലുപേരും. ഇവർ ഇടയ്ക്ക് ലോഡ്ജിൽ മുറിയെടുക്കാറുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.