കൂനമ്മാവിൽ ദേശീയപാത നിർമാണം തടഞ്ഞു
1465582
Friday, November 1, 2024 2:58 AM IST
വരാപ്പുഴ : ദേശീയപാത 66ൽ കൂനമ്മാവ് അടിക്കുളം മാർക്കറ്റിന് സമീപം ചെമ്മായം റോഡുമായി ബന്ധിപ്പിച്ചു കൊണ്ട് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് നിർമാണ മേഖലയിൽ വേലികെട്ടി നിർമാണം തടഞ്ഞു.
ഈ ഭാഗത്ത് അടിപ്പാത വേണമെന്ന ആവശ്യം അധികൃതർ നിരകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൂനമ്മാവ് ചന്ത മൈതാനിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആണ് നിർമാണം തടയാൻ തീരുമാനിച്ചത്.
നിത്യവും ആയിരങ്ങൾ കോട്ടുവള്ളി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ചെമ്മായം-കോട്ടുവള്ളി റോഡ് അടച്ചു കെട്ടിയാണ് പാത നിർമിക്കുന്നത്. അടിപ്പാതയ്ക്കായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിയമനടപടികളുമായി രംഗത്ത് ഇറങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനം. ആക്ഷൻ കൗൺസിൽ രൂപീകരണത്തിനും പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നൽകി. കൂനമ്മാവ് പള്ളിപ്പടി-പള്ളിക്കടവ് റോഡിലും അടിപ്പാത നിർമിക്കണമെന്നും ഇവിടെയും അവഗണന ഉണ്ടായാൽ വിദ്യാർഥികളുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഇവിടം സന്ദർശിച്ചിരുന്നു. ഇവിടെ അടിപ്പാത ആവശ്യം ബോധ്യപ്പെട്ടിട്ടും അവഗണന തുടരുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.