ആലുവയിൽ ചരക്കു ലോറിയിലെ എയർകൂളറുകൾക്ക് തീപിടിച്ചു
1465263
Thursday, October 31, 2024 1:35 AM IST
ആലുവ: ചെന്നൈയിൽ നിന്നും നൊച്ചിമ കോമ്പാറയിലെ ഗോഡൗണിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയിലെ എയർ കൂളറുകൾ തീപിടിച്ചു.
പുക ഉയർന്ന ലോറി ഒന്നര കിലോമീറ്റർ ദൂരത്തെ ആലുവ ഫയർ സ്റ്റേഷന് മുന്നിലെത്തിച്ച് ലോറി ഡ്രൈവർ വൻ ദുരന്തം ഒഴിവാക്കി.കണ്ടെയ്നറിൽ ഉണ്ടായിരുന്ന ഓറിയന്റൽ കമ്പനിയുടെ മുന്നൂറോളം കൂളറുകളിൽ 30 എണ്ണം കത്തി നശിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ യാണ് സംഭവം നടന്നത്. തമിഴ്നാട് തേനി സ്വദേശി അബു താഹിറാണ് കണ്ടെയ്നർ ഓടിച്ചിരുന്നത്.
ആലുവ വഴിയാണ് ഗോഡൗണിലേക്ക് കൂളറുകൾ കൊണ്ടുപോകേണ്ടിയിരുന്നത്. ദേശീയപാതയിൽ പുളിഞ്ചോട് ട്രാഫിക്ക് സിഗ്നലിൽ എത്തിയപ്പോഴാണ് കണ്ടെയ്നറിൽ നിന്നും പുക വന്നത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർമാരാണ് വിവരം അറിയിച്ചത്. പുക കണ്ടെയ്നറുടെ മധ്യഭാഗത്ത് നിന്നായതിനാൽ എൻജിന് തീപിടിച്ചിട്ടില്ലെന്ന് ഊഹിച്ച് ഫയർ സ്റ്റേഷൻ ലൊക്കേഷൻ ചോദിച്ച് ലോറി എത്തിക്കുകയായിരുന്നു.
എയർ കൂളുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. കണ്ടെയ്നറിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. അടച്ചുകെട്ടിയ കണ്ടെയ്നർ ലോറിയിൽ കൊണ്ടുവരുന്ന ഇലക്ട്രിക് സാധനങ്ങൾ ഇതിനു മുമ്പും ആലുവയിൽ തീപിടിച്ചിട്ടുണ്ട്.