എഡിബി കുടിവെള്ള പദ്ധതിയില്‍ സ്വകാര്യവത്കരണമില്ല
1465260
Thursday, October 31, 2024 1:35 AM IST
കൊച്ചി: കൊച്ചി നഗരത്തില്‍ നടപ്പിലാക്കുന്ന എഡിബി കുടിവെള്ള പദ്ധതിയില്‍ യാതൊരുവിധ സ്വകാര്യവത്ക്കരണവും ഇല്ലെന്ന വിശദീകരണവുമായി ജല അഥോറിറ്റി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ ചോദ്യത്തിനോടുള്ള മറുപടിയിലാണ് ജല അഥോറിറ്റിയുടെ വിശദീകരണം.
നഗരത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പദ്ധതി ഉപകാരപ്പെടും എന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ പക്ഷം. കുടിവെള്ള വിതരണ ശൃംഖലയെ ഒരു വിധത്തിലും സ്വകാര്യവത്കരിക്കരുതെന്ന തന്റെ നിര്‍ദേശത്തോട് മന്ത്രിയും തുറന്ന സമീപനമാണ് സ്വീകരിച്ചതെന്നും മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.
പദ്ധതി രൂപീകരണ വേളയില്‍ നഗരസഭയുമായി ചര്‍ച്ച നടത്താതിരുന്നതിലുള്ള പ്രതിഷേധം മേയര്‍ മന്ത്രിയെ അറിയിച്ചു. കൗണ്‍സിലിലും പദ്ധതിയെ സംബന്ധിച്ചുള്ള വിശദമായ അവതരണം ഉണ്ടാകണം. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവസരമാകും ഇത്. പദ്ധതി പ്രദേശത്തെ എംഎല്‍എമാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ ആവശ്യങ്ങളോടും ക്രിയാത്മകമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
പുതിയ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശത്തോടും മന്ത്രി പ്രതികരണം അനുകൂലമായിരുന്നുവെന്നും മേയര്‍ പറഞ്ഞു. യോഗത്തില്‍ ജല വിഭവ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വാട്ടര്‍ അഥോറിറ്റി എംഡി ജീവന് ബാബു തുടങ്ങിയവരും പങ്കെടുത്തു.