വീട് ജപ്തി ചെയ്തു; ജനരോഷം ശക്തമായതോടെ തുറന്നു നൽകി
1465258
Thursday, October 31, 2024 1:35 AM IST
ആലുവ: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ മകൻ അടങ്ങുന്ന പട്ടികവർഗ കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതർ പൂട്ടി സീൽ ചെയ്തു. പ്രതിഷേധം ശക്തമായതോടെ എട്ടു മണിക്കൂറിന് ശേഷം തുറന്നു കൊടുത്തു.
ആലുവ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ആലുവ ചാലക്കല്‍ എംഎല്എപ്പടിയില് താമസിക്കുന്ന കുഴിക്കിട്ടുമാലി കെ.കെ. വൈരമണിയുടെ അഞ്ച് സെന്റ് സ്ഥലവും വീടുമാണ് ആലുവ അർബൻ -കോപ്പറേറ്റീവ് ബാങ്ക് ഉച്ചയോടെ ജപ്തി ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ആലുവ എംഎൽഎ അൻവർ സാദത്ത് ഇടപെട്ട് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെക്കൊണ്ട് ജപ്തി പിൻവലിപ്പിക്കുകയായിരുന്നു.
വീടിന്റെ താക്കോലുമായി ആദ്യം പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സ്ഥലത്തെത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാരെത്താതെ തുറക്കാൻ അനുവദിക്കില്ലെന്ന് വീട്ടുകാരും നാട്ടുകാരും നിലപാടെടുത്തു. പിന്നീട് ജീവനക്കാരെത്തി തുറന്നു നൽകി. എന്നാൽ സീൽ ചെയ്ത വാതിലിന് പകരം അടുത്ത മുറിയുടെ വാതിലാണ് തുറന്നു നൽകിയത്. അതും തർക്കത്തിനിടയാക്കി.
ആലുവയിൽ തുണിക്കട നടത്തുന്ന വൈരമണി, ഭാര്യ വൽസല, രണ്ട് മക്കൾ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. മൂത്തമകൻ വിജേഷ് 80 ശതമാനം ഭിന്നശേഷിക്കാരനാണ്. 2017 ൽ പത്ത് വർഷകാലാവധിക്ക് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഒമ്പത് ലക്ഷത്തോളം അടച്ചു
വെന്നും വൈരമണി പറഞ്ഞു. പലിശ കണക്കാക്കിയതിലെ പാകപ്പിഴ ചോദ്യം ചെയ്തതിന് ബാങ്ക് നടത്തുന്ന പ്രതികാര നടപടിയാണ് ജപ്തിയെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് കാലത്ത് മാത്രമാണ് തിരിച്ചടവിൽ മുടക്കം വന്നത്.
കഴിഞ്ഞ ഏഴിന് ജപ്തിക്ക് ശ്രമിച്ചതാണെന്നും എതിർത്തതോടെ ബാങ്ക് അധികൃതരും പോലീസ് സംഘവും മടങ്ങിയതാണെന്നും വൈരമണി പറഞ്ഞു. 13 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ജപ്തി നോട്ടീസിൽ പറയുന്നു. ഇത് രണ്ടര ശതമാനം പലിശ വർധിപ്പിച്ച് ഉണ്ടായതാണെന്ന് വൈരമണി ആരോപിച്ചു. വായ്പാ കാലാവധി മൂന്ന് വർഷം കൂടിയുണ്ട്.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം അഡ്വ. കമ്മീഷന് ജപ്തി ചെയ്തതെന്നാണ് ബാങ്ക് അധികൃതരുടെ വിശദികരണം. പത്ത് ലക്ഷത്തോളം രൂപ വായ്പ എടുത്ത ശേഷം 5.36 ലക്ഷം രൂപയാണ് ഇതുവരെ വൈരമണി തിരിച്ചടച്ചതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
2020ന് ശേഷം തിരിച്ചടവ് അടയ്ക്കാതെ 2021ല്‍ 8.57 ലക്ഷമായി ഉയർന്നു. 2022ല്‍ ബാങ്ക് കോടതിയെ സമീപിച്ചപ്പോൾ അഡ്വ. കമ്മീഷനെ നിയമിച്ചു. 2023 ഓഗസ്റ്റ് മാസം വീടും സ്ഥലവും ജപ്തി ചെയ്തു. എന്നാൽ വാതിലിലെ സീലുകള്‍ നശിപ്പിച്ച് വൈരമണി വീട്ടില്‍ കയറി. വീണ്ടും കോടതിയെ സമീപിച്ച് അഡ്വ. കമ്മീഷനെ നിയമിച്ചാണ് ബാങ്ക് ജപ്തി നടപടികള്‍ ഇന്നലെ നടത്തിയത്.