ജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പരാതി
1465251
Thursday, October 31, 2024 1:35 AM IST
മൂവാറ്റുപുഴ: ജനവാസ മേഖലയിലെ ജൈവ മാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കുന്നതിനെതിരെ സിപിഐ ആയവന ലോക്കൽ കമ്മിറ്റി, മന്ത്രി കെ. രാജന് പരാതി നൽകി.
ആയവന പഞ്ചായത്തിന്റെ മൂന്ന്, നാല് വാർഡുകളും വാരപ്പെട്ടി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നതുമായ പാറത്താഴം പ്രദേശത്തെ റവന്യൂ പുറന്പോക്ക് ഭൂമിയിൽ വാരപ്പെട്ടി പഞ്ചായത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രം 7.5 കോടി ചെലവിൽ നിർമിക്കുന്നതിനുള്ള നടപടികൾക്കെതിരെയാണ് സിപിഐ ആയവന ലോക്കൽ കമ്മിറ്റി മന്ത്രിക്ക് പരാതി നൽകിയത്.
പാറക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ നീരുറവകൾ മുഖേനയാണ് ഇവിടങ്ങളിലുള്ള കുടിവെള്ള കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നത്. ഇത്തരം സംസ്കരണ കേന്ദ്രങ്ങൾ പ്രദേശത്ത് സ്ഥാപിതമായാൽ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ലഭ്യതയ്ക്കു തന്നെ ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയിൽ പറയുന്നു.
സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്ന നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐ ലോക്കൽ സെക്രട്ടറി ഷാജി അലിയാർ അറിയിച്ചു.