കേരളപ്പിറവി: ഭരണഭാഷാ വാരാഘോഷം നവംബര്‍ ഒന്നു മുതല്‍
1465157
Wednesday, October 30, 2024 7:19 AM IST
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാചരണവും ഭരണഭാഷാ വാരാചരണവും നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടത്തും.
നവംബര്‍ ഒന്നിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് ജീവനക്കാരുടെ കേരള ഗാനാലാപനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിക്കും. എഡിഎം വിനോദ് രാജ് അധ്യക്ഷത വഹിക്കു. ഭാഷാ പണ്ഡിതനും കാലടി സര്‍വകലാശാലാ മുന്‍ വിസിയുമായ ഡോ. ധര്‍മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും.
2024ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാര ജേതാവ് ഉണ്ണി അമയമ്പലം മുഖ്യാതിഥിയായിരിക്കും. സംഗീതജ്ഞനും ആകാശവാണി അവതാരകനുമായ ടി.പി. വിവേക് -മധുരം മലയാളം പാട്ടും പറച്ചിലും- ഭാഷാ സാംസ്കാരിക പരിപാടി അവതരിപ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മത്സരങ്ങള്‍
വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥാരചന, കവിതാലാപാന മത്സരങ്ങളും മലയാള ഭാഷാ പ്രശ്നോത്തരി മത്സരവും നടത്തും.
നവംബര്‍ അഞ്ചിനു രാവിലെ 11 മുതല്‍ കഥാരചനാ മത്സരവും അന്നുതന്നെ ഉച്ചയ്ക്കു രണ്ടു മുതല്‍ കവിതാ ആലാപന മത്സരവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ആറിനാണ് പ്രശ്നോത്തരി മത്സരം. മൽസരിക്കുന്ന ജീവനക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡുമായി തത്സമയം രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഏഴിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന സമാപന യോഗത്തില്‍ വിതരണം ചെയ്യും. ഫോണ്‍: 0484 235 4208(ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്), 9496003217, 9447574604.