എംഡിഎംഎ കേസിൽ അഞ്ച് യുവാക്കളും കഞ്ചാവുമായി കപ്പൽ ജീവനക്കാരനും പിടിയിൽ
1465154
Wednesday, October 30, 2024 7:18 AM IST
കൊച്ചി/കാലടി: ജില്ലയിൽ നടന്ന മയക്കുമരുന്ന വേട്ടയിൽ എംഡിഎംഎയുമായി യുവാക്കളും കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പൽ ജീവനക്കാരനും പിടിയിലായി.
വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തോപ്പുംപടിയിൽ നിന്നും തൃക്കാക്കരയിൽ നിന്നുമായി മൂന്നുപേരും എംഡിഎംഎ കടത്തിയ കേസി ൽ കാലടിയിൽ നിന്ന് രണ്ടുപേരുമാണ് അറസ്റ്റിലായത്.
വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തോപ്പുംപടി തുണ്ടത്തില്‍ വീട്ടില്‍ ഡില്യന് ഡഡ്ലി (23), പള്ളുരുത്തി വലിയകത്ത് വീട്ടില്‍ ഫര്ഹാന് (24), ആലുവ, കോമ്പാറ സ്വദേശി അഖില്‍ (25) എന്നിവരെ നർകോട്ടിക് സെല്‍ എസിപി കെ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഡില്യന്, ഫര്ഹാന് എന്നിവരെ 13.17 ഗ്രാം എംഡിഎംഎയുമായി തോപ്പുംപടിയില്‍ നിന്നും അഖിലിനെ 1.27 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ നിന്നുമാണ് പിടിച്ചത്. ഡില്യനെതിരെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. എംഡിഎംഎ വില്പന നടത്തിയതിന് ഫര്‍ഹാനെതിരെ തൃശൂര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഇരുവരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജി(29)നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്തു നിന്നാണ് എംഡിഎംഎ പിടികൂടിയത്. ബംഗളുരുവിൽ നിന്ന് കാറിലാണ് രാസലഹരി കടത്തിയത്. നൈജീരിയൻ വംശജനിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മൂന്നു പേരും കൂടി കാറിലാണ് ബംഗളുരുവിലേക്ക് പോയത്.
അവിടെ നിന്നും നൈജീരിയൻ വംശജനിൽ നിന്നും മയക്കുമരുന്ന് വാങ്ങി കാറിൽത്തന്നെ തിരികെപ്പോന്നു. പോലീസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന ജാക്കറ്റിനകത്ത് പ്രത്യേക അറയിലാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ചന്ദ്രപ്പുരയിൽ പോലീസ് കൈകാണിച്ചപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോയി. രണ്ടു പേർ ഇടയ്ക്കുവച്ച് ഡോർ തുറന്ന് ചാടി. ഇവരെയാണ് മണിക്കൂറുകൾക്കകം പോലീസ് പിന്തുടർന്ന് പിടികൂടിയത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവുമായാണ് ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ലഗൂണ്‍ എന്ന കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അലി (34)യെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് എറണാകുളം ഹാര്‍ബര്‍ പോലീസിന് കൈമാറിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹാര്‍ബര്‍ പോലീസ് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.