ഗുണനിലവാരമില്ലാത്ത പെയിന്റ് നല്കി കബളിപ്പിച്ചു ; കമ്പനിക്ക് 3.5 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
1465151
Wednesday, October 30, 2024 7:18 AM IST
കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്കി കബളിപ്പിച്ചെന്ന പരാതിയില്‍ കമ്പനിക്ക് 3.5 ലക്ഷം പിഴ ഈടാക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഗുണനിലവാരമില്ലാത്ത പെയിന്റ് ഉപയോഗിച്ചതുമൂലം മതിലിലെ പെയിന്റ് പൊളിഞ്ഞു പോയെന്ന് കാട്ടി കോതമംഗലം സ്വദേശി ടി.എം. മൈതീന്‍ നല്കിയ പരാതിയിലാണ് നടപടി.
പരാതി സത്യമെന്ന് കണ്ടെത്തിയ കോടതി പെയിന്റിന് ചെലവായ 78,860 രൂപയും പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06,979 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 20,000 രൂപ കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്പനിക്കും ഡീലര്‍ക്കും ഉത്തരവിട്ടു.
കോതമംഗലത്തെ സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ വാറണ്ടിയോടെയാണ് പരാതിക്കാരന് പെയിന്റ് വാങ്ങിയത്. ഒരു വര്‍ഷമാണ് വാറണ്ടി പിരീഡ് നല്‍കിയത്. അതിനുള്ളില്‍ തന്നെ പ്രതലത്തില്‍ നിന്നും പെയിന്റ് പൊളിഞ്ഞു പോകാന്‍ തുടങ്ങി. ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടര്‍ന്ന് നിര്‍മാണ കമ്പനിയുടെ പ്രതിനിധി വന്നു പരിശോധിച്ചു. എന്നാല്‍ യാതൊരുവിധ തുടര്‍ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരന് പറയുന്നു.
പെയിന്റ് വിലയും റിപ്പയറിംഗ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.