പട്ടണം കവലയിൽ അടിപ്പാതയ്ക്കുള്ള സാധ്യതകൾ തേടി അധികൃതർ
1465149
Wednesday, October 30, 2024 7:18 AM IST
പറവൂർ: നിർമാണം നടക്കുന്ന ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാതയ്ക്കുള്ള സാധ്യതകൾ തേടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പരാതികളും ജനങ്ങളുടെ ആവശ്യങ്ങളും ചർച്ച ചെയ്യാനായി അടുത്ത ദിവസം ഉന്നതതല യോഗം ചേരും. അതിന് മുന്നോടിയായാണ് ജനപ്രതിനിധികൾ ചീഫ് സെക്രട്ടറിയെ കണ്ട് നിവേദനം സമർപ്പിച്ചത്.
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശമാണിതെന്നും അടിപ്പാത ഇല്ലാത്തത് പദ്ധതിയുടെ തുടർപ്രവർത്തനങ്ങളെ ബാധിക്കുമെന്നും ജനപ്രതിനിധികൾ ധരിപ്പിച്ചു. പട്ടണത്തെ സാധ്യതകൾ വിലയിരുത്തി അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നൽകി.