കേബിളിടാൻ കുത്തിപ്പൊളിച്ച റോഡ് മണ്ണിട്ട് മൂടിയിട്ട് നാലുമാസം; കുഴി അടയ്ക്കാൻ നടപടിയില്ല
1511430
Wednesday, February 5, 2025 7:27 AM IST
കറുകച്ചാൽ: സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ ടൗണിലെ റോഡിന്റെ വശങ്ങൾ പൊളിച്ചിട്ടു മാസങ്ങളായി. എന്നാൽ, ഇതുവരെയും കുഴികൾ നികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളും.
നാലുമാസം മുന്പാണ് വാഴൂർ റോഡിലും മണിമല റോഡിലും സ്വകാര്യ കമ്പനിയുടെ കേബിളുകൾ സ്ഥാപിക്കാൻ നാലടി ആഴത്തിൽ കുഴികൾ നിർമിച്ചത്. അഞ്ചടി വ്യാസത്തിലാണ് ഓരോ കുഴികളും നിർമിച്ചത്. കേബിളുകൾ സ്ഥാപിച്ചശേഷം മണ്ണും ടാറിംഗ് അവശിഷ്ടങ്ങളുമിട്ട് കുഴികൾ താത്കാലികമായി നികത്തി ജോലിക്കാർ പണി തീർത്തു പോയി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്തു കുഴിയടയ്ക്കാൻ നടപടിയായില്ല.
സ്ഥാപനങ്ങൾക്ക് മുന്പിലും നടപ്പാതകളോടും ചേർന്നുള്ള ടാറിംഗ് കുത്തിപൊളിച്ചതിനാൽ യാത്രക്കാർക്കും വ്യാപാരികൾക്കും ഒരു പോലെ ബുദ്ധിമുട്ടാണ്. എസ്ബിഐയ്ക്ക് സമീപത്തെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നതു പതിവാണ്. കുത്തിപ്പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്ത് നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.