വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു; പ്രതിഷേധം വ്യാപകം
1511403
Wednesday, February 5, 2025 7:02 AM IST
കൂരോപ്പട: സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു; പ്രതിഷേധം വ്യാപകം.
കൂരോപ്പട വില്ലേജ് ഓഫീസിനാണ് 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. എല്ലാ സൗകര്യങ്ങളോടെ നിർമിച്ച മന്ദിരത്തിന്റെ പണികൾ ആറുമാസം മുന്പേ പൂർത്തിയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 17ന് ഉദ്ഘാടനവും നിശ്ചയിച്ചു. എന്നാൽ, സ്ഥലം എംഎൽഎയായ ചാണ്ടി ഉമ്മനോട് ആലോചിക്കാതെ പരിപാടി നിശ്ചയിച്ചതിൽ എംഎൽഎ റവന്യൂ മന്ത്രിയെ പ്രതിഷേധമറിയിച്ചു. തുടർന്ന് ഉദ്ഘാടനം മാറ്റി വച്ചു.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടത്താത്തതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. വില്ലേജ് ഓഫീസ് ഇപ്പോൾ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരും ചേക്കേറിയിട്ടുണ്ട്. അടിയന്തരമായി ഉദ്ഘാടനം നടത്തി വില്ലേജ് ഓഫീസ് പൊതുജനങ്ങൾക്കു തുറന്നു നൽകണമെന്നാണ് ആവശ്യം.