നഗരപരിധിയില്‍ വീണ്ടും ഓട്ടോ ബാഹുല്യം; മുനിസിപ്പല്‍ നമ്പറില്ലാത്തവയും ഓടുന്നു
1511429
Wednesday, February 5, 2025 7:27 AM IST
ചങ്ങനാശേരി: നഗരസഭാ പരിധിയില്‍ വീണ്ടും ഓട്ടോ ബാഹുല്യം. നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലേറെ ഓട്ടോകള്‍ ഓടുന്നതായാണ് ലഭിക്കുന്ന വിവരം. ഇവരില്‍ ചിലര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
2016ല്‍ യുഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യന്‍ മണമേല്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കുമ്പോള്‍ വലിയ പ്രതിബന്ധങ്ങളെ തരണംചെയ്താണ് നഗരത്തിലെ ഓട്ടോകള്‍ക്ക് മുനിസിപ്പല്‍ നമ്പര്‍ നല്കി ഏരിയ തിരിച്ചു പാര്‍ക്കിംഗ് അനുവദിച്ചത്. 33 പാര്‍ക്കിംഗ് ഏരിയാകളിലായി 1300ഓളം ഓട്ടോകള്‍ക്കാണ് നമ്പര്‍ നല്‍കിയത്. ഇതു സംബന്ധിച്ച് രേഖകളും തയാറാക്കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ വിവിധ പാര്‍ക്കിംഗ് ഏരിയാകളില്‍ മുനിസിപ്പല്‍ നമ്പറില്ലാത്ത നിരവധി ഓട്ടോകള്‍ പാര്‍ക്ക് ചെയ്ത് ഓടുന്നുണ്ട്. ഇവരില്‍നിന്നു ഫീസ് ഈടാക്കി മുനിസിപ്പല്‍ നമ്പര്‍ നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഓട്ടോ ബാഹുല്യം നഗരത്തില്‍ സര്‍വീസിന് അനുമതിയുള്ള ഓട്ടോകള്‍ക്ക് ഓട്ടം കുറയുന്നതിനും ഗതാഗതക്കുരുക്കിനും കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.