ജില്ലയിലെ ആദ്യ ഫിഷ് മെയ്ഡ് ഓണ്‍ലൈന്‍ ഹോം ഡെലിവറി പ്രവര്‍ത്തനം ആരംഭിച്ചു
1511409
Wednesday, February 5, 2025 7:14 AM IST
കോട്ടയം: ജില്ലയിലെ ആദ്യ ഫിഷ് മെയ്ഡ് ഓണ്‍ലൈന്‍ ഹോം ഡെലിവറി പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. വടവാതൂര്‍ താന്നിക്കപ്പടിയിലാണ് തീരദേശ കോര്‍പറേഷന്റെ ഫിഷ് മെയ്ഡ് ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിച്ചത്. ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. നല്ല മീന്‍ ന്യായമായ വിലയ്ക്ക് ഗുണമേന്മയോടെ ജനങ്ങള്‍ക്ക് എത്തിക്കുകയാണ് ഫിഷ്മെയിഡ് ഓണ്‍ലൈന്‍ ഹോം ഡെലിവറി പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
14 ജില്ലകളിലായി 50 സെന്ററുകള്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തിലും വിഷമില്ലാത്ത ഫ്രഷ് മീന്‍ എത്തിക്കും. ഇതുവഴി നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. എല്ലാ സെന്ററുകളിലും ക്വാളിറ്റി പരിശോധന സംവിധാനവും വിലവിവര പട്ടികയും പരാതി രജിസ്ട്രേഷന് സംവിധാനവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഷിഷ്മെയ്ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തീരദേശ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് പരീത് അധ്യക്ഷത വഹിച്ചു. തീരദേശ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഫിഷ് പ്രോസോസിംഗ് സെന്ററില്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം വടവാതൂര്‍ ഫിഷ് പ്രോസസിംഗ് സെന്ററില്‍ എത്തിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്താണ് മീന്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. മൊബൈല്‍ ആപ്പ് (എഫ്.എം.ഒ.), വെബ്സൈറ്റ്(www. fish maidonline.com), വാട്സ്ആപ് (8590000213) എന്നിവ വഴി ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കാം. 15 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഹോം ഡെലിവറി ലഭ്യമാണ്.
ചടങ്ങില്‍ സംസ്ഥാന തീരദേശ വികസന കോര്പറേഷന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ചെറിയാന് കുരുവിള, ബ്രാന്‍ഡിംഗ് മീഡിയ പാര്‍ട്ണര്‍ ജൂബി കുരുവിള, പഞ്ചായത്ത് അംഗങ്ങളായ ബാബു ജോസഫ്, സിസി ബോബി, മുന്‍ പഞ്ചായത്ത് അംഗം റോയ് ജോണ്‍, സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.