കുറുപ്പന്തറ മേൽപ്പാലം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ
1511414
Wednesday, February 5, 2025 7:14 AM IST
കടുത്തുരുത്തി: ഹൈക്കോടതിയില്‍ കുറുപ്പന്തറ റെയില്‍വേ മേല്പ്പാലത്തിനെതിരേ നിന്നിരുന്ന സ്റ്റേ ഉത്തരവ് റദ്ദാവുകയും ഹൈക്കോടതിയുടെ അനുകൂലവിധി ഉണ്ടാവുകയും ചെയ്തോടെ കുറുപ്പന്തറ മേല്‍പ്പാലം നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിനുവേണ്ടി 68 വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി നല്‍കാനുള്ള മൂന്ന് കുടുംബങ്ങള്‍ ഹൈക്കോടതിയില്‍ കേസിന് പോവുകയും ഇതേത്തുടര്‍ന്ന് മേൽപ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.
നിയമപരമായ വ്യവഹാര നടപടികള്‍ പൂര്‍ത്തീകരിച്ചു ഹൈക്കോടതിയുടെ അനുകൂലവിധി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ പരമാവധി വേഗത്തിലാക്കാനാണ് റവന്യു-പിഡബ്ല്യുഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
ഇതനുസരിച്ചു കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടിയുള്ള നഷ്ടപരിഹാരത്തുക നല്‍കാനുള്ള 62 കുടുംബങ്ങളുടെ ബിവിഎഫ് പാസാക്കിയതായും എംഎല്‍എ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ഓരോ വ്യക്തികള്‍ക്കും നേരിട്ട് അവരവരുടെ കുടുംബങ്ങളില്‍ എത്തിക്കുന്ന വിധത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്.
ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളതും ആവശ്യമായ രേഖകള്‍ സര്‍ക്കാരിലേക്ക് ലഭ്യമാക്കാത്തതുമായ മൂന്നുപേര്‍ക്കും നല്‍കാനുള്ള നഷ്ടപരിഹാര തുക ഹൈക്കോടതിയില്‍ കെട്ടിവെച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പോസ്റ്റാഫീസ് മുഖാന്തിരം രേഖകള്‍ കൈമാറാന്‍ ശ്രമിച്ചാല്‍ വലിയ കാലതാമസം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കല്‍ രേഖകള്‍ കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് വീടുകളില്‍ ലഭ്യമാക്കുന്നത്.
വ്യക്തികള്‍ തിരികെ നല്കുന്ന വസ്തുസംബന്ധമായ രേഖകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് വഴി പരിശോധന നടത്തി തീര്പാക്കാം. വിദേശത്തുള്ളവരുടെ ഭൂമിയുടെ പണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്ന കാര്യം വ്യക്തികള്‍ ലഭ്യമാക്കുന്ന അക്കൗണ്ട് നമ്പരുകളിലൂടെ കൊടുക്കാന്‍ കഴിയുമോ എന്നത് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കും.
മേല്‍പ്പാലത്തിന്റെ നിര്‍മാണ നടപടികളിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പര്ത്തിയാക്കും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ക്കായി റവന്യു-പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ സംയുക്തയോഗം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നിരുന്നു.
ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പ് അധികൃതരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഈ മാസം പകുതിയോടെ വിളിച്ചുചേര്‍ക്കുമെന്നും എംഎല്‍എ അറിയിച്ചു.