കടലോളം കരുണതേടി കടപ്പൂര് നിവാസികൾ; പാരമ്പര്യത്തനിമയിൽ തിളങ്ങാൻ കാളികാവ്
1510872
Monday, February 3, 2025 11:38 PM IST
കുറവിലങ്ങാട്: പൂർവികർ ആരംഭിച്ച ആചാരങ്ങളെ തനിമ നഷ്ടപ്പെടാതെ ആവർത്തിക്കാൻ ദൈവസന്നിധിയിൽ അനുഗ്രഹവും കരുണയും തേടി കടപ്പൂര് നിവാസികളെത്തി. മൂന്നുനോമ്പ് തിരുനാളിൽ കപ്പൽ സംവഹിക്കുന്നതിൽ അധികാരവും അവകാശവുമുള്ള കടപ്പൂര് കരയിലെ നൂറുകണക്കിനാളുകൾ മുത്തിയമ്മയുടെ സന്നിധിയിലെത്തി വിശുദ്ധ കുർബാനയർപ്പിച്ച് പ്രാർഥിച്ചു.
മൂന്നുനോമ്പ് തിരുനാളിലെ പ്രധാന ആകർഷണമായ കപ്പൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകുന്നത് കടപ്പൂര് കരക്കാരാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് കടലായിരുന്ന കടപ്പൂര് പ്രദേശത്ത് ആ പ്രദേശവാസികൾ നടത്തിയ കടൽയാത്രയിൽ നേരിട്ട അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് സംവഹിക്കുന്നതിനായി കപ്പൽ നിർമിച്ച് നൽകുകയും ആ കപ്പൽ സംവഹിക്കുകയും ചെയ്യാമെന്ന് ദൈവസന്നിധിയിൽ വാക്ക് നൽകി. ഈ വാക്കിന്റെ അണുവിടതെറ്റാത്ത ആവർത്തനമാണ് മൂന്ന് നോമ്പുതിരുനാളിലെ കപ്പൽ പ്രദക്ഷിണം.
തിരുസ്വരൂപങ്ങൾക്ക് മുന്നിലായി സംവഹിക്കുന്ന കപ്പൽ ഒരു മണിക്കൂർ സമയത്തെ പ്രദക്ഷിണത്തിലൂടെ യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ പാഠങ്ങൾക്കൊപ്പം സംഘശക്തിയുടെയും ആചാരത്തനിമയുടെയും പ്രഖ്യാപനങ്ങളും നടത്തുന്നു. ഭക്തസാഗരത്തിലെ വിശ്വാസനൗകയുടെ പ്രയാണം എന്ന് ആരംഭിച്ചുവെന്നതിന് തെളിവുകളില്ല. എന്നാൽ കൽപ്പടവും മണൽപ്പരപ്പും താണ്ടിയുള്ള ഈ യാത്രയ്ക്ക് ഭക്തിയുടെ ഓളങ്ങൾ സാക്ഷിയാണ്.
തിരുസ്വരൂപങ്ങൾ തോളിലേറ്റാൻ
കാളികാവ്
തിരുനാൾ ദിനങ്ങളിലെല്ലാം ഉണ്ണിയേശുവിന്റെയും കുറവിലങ്ങാട് മുത്തിയമ്മയുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ തോളിലേറ്റാനുള്ള ഭാഗ്യവും അവകാശവും ഇടവകയുടെ തന്നെ ഭാഗമായ കാളികാവ് കരക്കാർക്കാണ്. ഇന്ന് ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ മുത്തിയമ്മയുടെ മധ്യസ്ഥത തേടി കാളികാവ് കരക്കാർ സംഗമിച്ച് പ്രദക്ഷിണത്തിലെ കർത്തവ്യങ്ങൾ കുറവുകൂടാതെ നിർവഹിക്കാനുള്ള ദൈവകരുണ തേടും. തിരുസ്വരൂപങ്ങൾ സംവഹിക്കുന്നതിനൊപ്പം തിരുസ്വരൂപങ്ങളിലെ തിരുവാഭരണങ്ങളുടെ സൂക്ഷിപ്പുകാരും കാളികാവ് കരക്കാരാണ്.
വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പടക്കം സംവഹിക്കപ്പെടുന്ന പ്രദക്ഷിണങ്ങൾ കൃത്യമായ കീഴ്വഴക്കങ്ങളോടെയാണ് ക്രമീകരിക്കപ്പെടുന്നത്. തിരുസ്വരൂപങ്ങളുടെ സ്ഥാനവും വാദ്യമേളങ്ങളും പൊൻവെള്ളിക്കുരിശുകളുമൊക്കെ പഴമയും പാരമ്പര്യങ്ങളും തെറ്റാതെ ഒരുക്കി ഉറപ്പാക്കുന്നത് കാളികാവ് കരക്കാരാണ്. സൂക്ഷിപ്പും നടത്തിപ്പും തലമുറകളായി തുടരുന്നതിലുള്ള വിശിഷ്ട അഭിമാനത്തോടെയാണ് ഇന്ന് മുത്തിയമ്മയ്ക്കരുകിലേക്ക് നൂറുകണക്കായ കാളികാവ് കരക്കാരെത്തുന്നത്.
നാളെ തിരുനാളിൽ മുത്തുക്കുടകൾ സംവഹിക്കുന്ന കണിവേലിൽ കുടുംബക്കാരാണ് തിരുസന്നിധിയിൽ സംഗമിക്കുന്നത്.