മഞ്ഞിനിക്കര തീര്‍ഥാടകര്‍ക്ക് ജില്ലയില്‍ വരവേല്പ്
1511408
Wednesday, February 5, 2025 7:02 AM IST
കോട്ടയം: മഞ്ഞിനിക്കര തീര്‍ഥാടകര്‍ക്ക് ജില്ലയില്‍ ഇന്നും നാളെയും വിവിധ സ്ഥലങ്ങളില്‍ വരവേല്പ് നല്‍കും. വടക്കന്‍ മേഖലയിലെ തീര്‍ഥാടകര്‍ക്ക് ഇന്നു ഉച്ചയ്ക്ക് 1.30നു നാഗമ്പടത്ത് സ്വീകരണം നല്‍കും. കോട്ടയം നഗരസഭയും അഖില മലങ്കര മഞ്ഞിനിക്കര തീര്‍ഥാടക സമൂഹവും കോട്ടയം ഭദ്രാസനവും ചേര്‍ന്നാണ് സ്വീകരണമൊരുക്കുന്നത്.
വടക്കന്‍ മേഖല തീര്‍ഥാടകര്‍ക്ക് നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇന്നു രാവിലെ ആറിനു ഗാന്ധിനഗര്‍ മാര്‍ ഏലിയാസ് തൃതീയന്‍ ചാപ്പലില്‍ സ്വീകരണം നല്‍കും. ഏഴിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നേര്‍ച്ചസദ്യ ആശീര്‍വദിച്ച് വിതരണോദ്ഘാടനം നിർവഹിക്കും. വികാരി കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ മണലേല്‍ച്ചിറ, സഹവികാരി ഫാ. എമില്‍ വര്‍ഗീസ് വേലിക്കകത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
തൃക്കോതമംഗലം സെന്റ് മേരീസ് ബേത്ലഹേം പാത്രിയര്‍ക്കല്‍ സിംഹാസന പള്ളിയില്‍ നാളെ രാവിലെ എട്ടിനു കിഴക്കന്‍ മേഖല മഞ്ഞിനിക്കര തീര്‍ഥാടകര്‍ക്ക് സ്വീകരണം.
പാമ്പാടി കേന്ദ്രമാക്കിയുള്ള കിഴക്കന്‍ മേഖല തീര്‍ഥയാത്ര നാളെ ഉച്ചകഴിഞ്ഞ് 2.30നു നെടുമാവ് സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നും ആരംഭിക്കും. 4.15നു പാമ്പാടി ഈസ്റ്റ് വിശുദ്ധ മര്‍ത്തമറിയം പള്ളിയില്‍ എത്തിച്ചേരും. അഞ്ചിനു പൊത്തന്‍പുറം സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് പള്ളിയില്‍നിന്നും തീര്‍ഥയാത്ര ആരംഭിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു മീനടം സെന്റ് ജോണ്‍സ്, സെന്റ് ഇഗ്നാത്തിയോസ്, സെന്റ് മേരീസ് യരുശലേം പള്ളികളില്‍നിന്നും തുടങ്ങുന്ന തീര്‍ഥയാത്ര മീനടം മാളികപ്പടി സെന്റ് ഏലിയാസ് കുരിശുപള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം തോട്ടയ്ക്കാട് സെന്റ് ഇഗ്നാത്തിയോസ് പള്ളിയിലെത്തും.
നെത്തല്ലൂര്‍ കവലയില്‍ എത്തി മറ്റു തീര്‍ഥാടകരുമായി ചേര്‍ന്നു കറുകച്ചാല്‍, മല്ലപ്പള്ളി, പുല്ലാട്, കോഴഞ്ചേരി, ഇലന്തൂര്‍ വഴി ഏഴിനു രാവിലെ എട്ടിനു കബറുങ്കല്‍ എത്തിച്ചേരും.
മണര്‍കാട് കേന്ദ്രമാക്കിയുള്ള കിഴക്കന്‍ മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്ര ഇന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30നു പാമ്പാടി പങ്ങട സെന്റ് മേരീസ് പള്ളിയിലെ മര്‍ക്കോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ കബറിടത്തില്‍നിന്നും ആരംഭിക്കും. പാമ്പാടി ഏലിയാസ് ദയറ, പാമ്പാടി സിംഹാസന പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 3.30നു വെള്ളൂര്‍ സെന്റ് സൈമണ്‍സ് പള്ളിയിലെ പ്രാർഥനയ്ക്കുശേഷം 4.30നു അണ്ണാടിവയല്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ സ്വീകരണം.
വെള്ളൂര്‍ നോര്‍ത്ത് സണ്ഡേസ്കൂള്, അമ്മവീട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഞ്ചിനു ഇല്ലിവളവില്‍ തീര്‍ഥയാത്രയ്ക്കു സ്വീകരണം. 5.10ന് ആറാംമൈലില്‍ ഭക്തസംഘടനകളുടെ സ്വീകരണം. 5.30ന് എരുമപ്പെട്ടിയില്‍ പൗരാവലിയുടെ സ്വീകരണം.
6.30നു മണര്‍കാട് കവലയില്‍ മണര്‍കാട് കത്തീഡ്രലിലെ വൈദികരുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കും. 7.30നു കത്തീഡ്രല്‍ കവാടത്തില്‍ വരവേല്‍പ്പ് നല്‍കും. വൈദീകര്‍, ട്രസ്റ്റി, സെക്രട്ടറി, പള്ളി ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും.
പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം നേര്‍ച്ചസദ്യ. നാളെ പുലര്‍ച്ചെ അഞ്ചിനു മണര്‍കാട് പള്ളിയില്‍നിന്നും തീര്‍ഥയാത്ര പുനരാരംഭിക്കും. മറ്റെന്നാള്‍ മഞ്ഞിനിക്കര ദയറായില്‍ തീര്‍ഥയാത്ര എത്തിച്ചേരും.