ചാസിനു ജൂബിലി: ആഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കം
1511425
Wednesday, February 5, 2025 7:25 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ഔദ്യോഗിക സാമൂഹിക ക്ഷേമ പ്രസ്ഥാനമായ ചാസിന്റെയും അനുബന്ധ പ്രസ്ഥാനങ്ങളായ കോപ്ടാക്, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം എന്നിവയുടെയും വജ്ര, സുവര്‍ണ, റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ വൈകുന്നേരം 4.30നു ചാസ് കേന്ദ്ര ഓഫീസ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. 1966 പുണ്യശ്ലോകനായ മാര്‍ മാത്യു കാവുകാട്ട് സ്ഥാപിച്ച ചാസിന്റെ പ്രവര്‍ത്തനം 60-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അഞ്ച് ജില്ലകളിലെ സാമൂഹിക ക്ഷേമ രംഗത്ത് നൂതനാശയങ്ങള്‍ പകര്‍ന്നു നല്കുന്നതില് ചാസ് എന്നും വ്യത്യസ്തത പുലര്‍ത്തിയിരുന്നു.
അതിരൂപതാതിര്ത്തിയിലുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം സൃഷ്ടിച്ചുകൊണ്ട് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യല്‍, എംബ്രോയിഡറി പരിശീലനത്തിനും പ്രത്യേകിച്ച് തിരുവസ്ത്രങ്ങളുടെ നിര്‍മാണത്തിനും 1975ല്‍ ആരംഭിച്ച കോപ്ടാക് (കോ ഓപ്പറേറ്റ് ടെയിലറിംഗ് സെന്റര്‍) എന്ന പ്രസ്ഥാനം 50 വര്‍ഷം പൂര്‍ത്തിയാക്കി സുവര്‍ണ ജൂബിലി നിറവിലാണ്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തുടക്കംകുറിച്ച ഖാദി ഗ്രാമവ്യവസായ മേഖല, കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്എം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന കേന്ദ്രമായ മല്ലപ്പള്ളി ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം റൂബി ജൂബിലി ആഘോഷിക്കുകയാണ്. ഗ്രാമതലങ്ങളില്‍ ഖാദിയുടെ പ്രാധാന്യം വളര്‍ത്തിയെടുക്കുന്നതിനും കുറഞ്ഞമുതല് മുടക്കില്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്കുന്ന ഈ പ്രസ്ഥാനം കഴിഞ്ഞകാലങ്ങളിലായി ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്കി.
ആഘോഷ പരിപാടികള്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാളും ചാസ് പ്രസിഡന്റുമായ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് എമിരിറ്റ്സ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും.
അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബീന ജിജന്, ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം എന്നിവര്‍ പ്രസംഗിക്കും.
എസ്ബി, അസംപ്ഷന്‍ കോളജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെയും ഗിന്നസ് ബുക്ക് ജേതാവ് ജോസുകുട്ടി എല്‍ബിന്റെയും ചെത്തിപ്പുഴ മേഴ്സി ഹോമിന്റെയും നേതൃത്വത്തില്‍ കലാസന്ധ്യ ഉണ്ടായിരിക്കും. ചാസിന്റെ വിവിധ യൂണിറ്റുകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.