നാടക പ്രവർത്തകൻ ചികിത്സയിലിരിക്കെ മരിച്ചു
1511108
Tuesday, February 4, 2025 11:52 PM IST
ചിങ്ങവനം: സ്റ്റേജ് ക്രമീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാടക പ്രവർത്തകൻ മരിച്ചു. ആലപ്പുഴ പാതിരപ്പള്ളി വാലയിൽ ഹരിലാൽ (58) ആണ് മരിച്ചത്. വൈക്കം മാളവികയുടെ ജീവനക്കാരനാണ്. കഴിഞ്ഞ 29ന് കുറിച്ചി സചിവോത്തമപുരം ശ്രീരാമ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നാടകത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം.
സ്റ്റേജിന്റെ മുകളിൽ കയറിയ ഹരിലാൽ മൈക്ക് സെറ്റിന് വലിച്ച ലൈനിൽ നിന്നു ഷോക്കേറ്റ് വീഴുകയായിരുന്നുവെന്ന് നാടകസമിതി പറഞ്ഞു. എന്നാൽ കാൽ തെറ്റി വീണാണ് അപകടം സംഭവിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
നാടകത്തിനുള്ള രംഗസജ്ജീകരണം ചെയ്തിരുന്ന ഹരിലാൽ മുൻപ് ടെലിവിഷൻ സീരിയലുകളിൽ മേക്കപ്പ്മാനായും ജോലി ചെയ്തിരുന്നു.
ഹരിലാലിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല, മക്കൾ: അർജുൻ, ശ്രീലക്ഷ്മി.