ശ്യാം പ്രസാദ് വധക്കേസ്: പ്രതി റിമാൻഡിൽ
1511105
Tuesday, February 4, 2025 11:52 PM IST
ഏറ്റുമാനൂർ: സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി പെരുമ്പായിക്കാട് മാമ്മൂട് ആനിക്കൽ കൊക്കാട് ജിബിൻ ജോർജി(28)നെ കോടതി റിമാൻഡ് ചെയ്തു.
തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച രാത്രിയിൽ പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
കേസിന്റെ വിശദമായ അന്വേഷണത്തിനു വേണ്ടി രണ്ടോ മൂന്നോ ദിവസത്തിനകം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും കാര്യമായ ചോദ്യം ചെയ്യലിന് അവസരമുണ്ടായില്ല.
ലഹരിയിലായിരുന്ന പ്രതി സാധാരണ നില കൈവരിച്ചത് ഉച്ചയോടെ മാത്രമാണ്. അതിനുശേഷം പ്രാഥമികമായ ചോദ്യം ചെയ്യലിനെ അവസരമുണ്ടായുള്ളൂ. വൈദ്യപരിശോധനയ്ക്കും സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.
പ്രതി തട്ടുകടയിൽ എത്തിയതിന്റെ ഉദ്ദേശ്യവും ആക്രമണത്തിനും കൊലപാതകത്തിനും പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അറിയേണ്ടതുണ്ട്. പ്രതി സംഘർഷമുണ്ടാക്കിയ കട നടത്തുന്ന സാലിയുടെ മൊഴി അത്തരത്തിലുള്ള സംശയത്തിന് ഇടനൽകുന്നുണ്ട്.
വെറും അഞ്ചു മീറ്റർ മാത്രം അകലത്തിലാണ് രണ്ടു തട്ടുകടകൾ പ്രവർത്തിക്കുന്നത്. പ്രകാശൻ എന്നയാളാണ് ഇവിടെ ആദ്യം കട തുടങ്ങിയത്. സാലി ഏതാനും മാസങ്ങൾക്കു മുമ്പ് ഇതിനു തൊട്ടടുത്തായി കട തുടങ്ങുകയായിരുന്നു. പ്രകാശനും സാലിയും തമ്മിൽ വാക്കുതർക്കം പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
തന്റെ കടയിൽ പ്രശ്നമുണ്ടാക്കാൻ പ്രകാശൻ പ്രതിക്ക് ക്വട്ടേഷൻ നൽകിയതാണെന്നാണ് സാലിയുടെ ആരോപണം. സംഭവം ഉണ്ടായ ദിവസം പ്രതിയും മറ്റ് മൂന്നു പേരും പ്രകാശന്റെ കടയിൽ എത്തുകയും പ്രതി സാലിയുടെ കടയിൽ എത്തി ബഹളം വയ്ക്കുകയുമായിരുന്നെന്നാണ് പറയുന്നത്.
ഇതിനിടയിൽ യാദൃച്ഛികമായി വന്നെത്തിയ ശ്യാം പ്രസാദ് പ്രശ്നത്തിൽ ഇടപെടുകയും പ്രതിയുടെ ആക്രമണത്തിന് ഇരയാകുകയുമായിരുന്നു.