ആരോഗ്യ-ആനന്ദം സംഗമം ഇന്ന്
1511411
Wednesday, February 5, 2025 7:14 AM IST
കോട്ടയം: അര്‍ബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന “ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’’ കാമ്പയിന് പിന്തുണയേകി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൂട്ടായ്മ ആരോഗ്യ-ആനന്ദം സംഗമം ഇന്നു രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിക്കും. ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാമ്പയിന് ജില്ലാ ബ്രാന്‍ഡ് അംബാസിഡറും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നിര്‍വഹിക്കും. ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാമ്പയിന് ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍, വിവിധ മേഖലകളില്‍നിന്നുള്ള സ്ത്രീകള്‍ എന്നിവര്‍ സംഗമത്തിന്റെ ഭാഗമാകും. അര്‍ബുദ ബോധവത്കരണ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ അവതരിപ്പിക്കുന്ന സുംബാ ഡാന്‍ഡ് പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.