കര്‍ഷകരോടുള്ള മനോഭാവത്തിൽ മാറ്റം ഉണ്ടാകണം: മന്ത്രി കൃഷ്ണന്‍കുട്ടി
1510981
Tuesday, February 4, 2025 3:03 AM IST
കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷകരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിൽ സര്‍ഗസംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അനൂപ് ജേക്കബ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പള്ളില്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, റവ. ഡോ. മാത്യു കുര്യത്തറ, സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, ജോണി തോട്ടുങ്കല്‍, ഫാ. സിബിന് കൂട്ടക്കല്ലുങ്കല്‍, തോമസ് കൊറ്റോടം, ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്കാരം ഇലഞ്ഞി സ്വദേശി വെളിയത്തുമാലില്‍ മോനു വര്‍ഗീസ് മാമ്മന്‍ സമ്മാനിച്ചു. തുടര്‍ന്ന് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാർഥികളുടെ കലാപരിപാടികളും ഓച്ചിറ സരിഗയുടെ നാടകം സത്യമംഗലം ജംഗ്ഷനും അരങ്ങേറി.
കാര്‍ഷിക മേളയുടെ മൂന്നാം ദിനമായ ഇന്ന് പരിസ്ഥിതി സൗഹാര്‍ദ ദിനമായി ആചരിക്കും. 12.30ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ഓാലമെടച്ചില് മത്സരവും 1.30ന് ചുങ്കം മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30നു നടത്തപ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാടോടിനൃത്ത മത്സരവും നാടകവും.